കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷിയാക്കാനുള്ള എൽ.ഡി.എഫ് തീരുമാനം വൻ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കെ.എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനും, ആ രാഷ്ട്രീയത്തിനൊപ്പം ചേർന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണിത്. യു.ഡി.എഫിൽ നിന്ന് പടിയടച്ച് പുറത്താക്കിയവർക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങൾക്ക് ഈ തീരുമാനം കരുത്ത് പകരും. കർഷകർക്ക് ആശ്വാസം പകരുന്നതിനും, കേരളത്തിന്റെ മതമൈത്രിയും, സാമൂഹിക സമത്വവും കാത്തുസൂക്ഷിക്കുന്നതിലും എൽ.ഡി.എഫ് സർക്കാർ കൈക്കൊണ്ട നടപടികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.