കുമരകം : കുത്തിയോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കഴിഞ്ഞ മാസം 30 ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്ന കവണാറ്റിൻകര ശരണ്യാലയം ചന്ദ്രന്റെ മകൻ സച്ചു (21) നെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിലിലായിരുന്ന യുവാവ് ജയിൽമോചിതനായിട്ടും വീണ്ടും ബൈക്ക് മോഷണം തുടരുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാൻ ഇന്നലെ രാത്രി കവണാറ്റിൻകരയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കുമരകം സി.ഐ ബാബു സെബാസ്റ്റ്യൻ ,എ.എസ്.ഐ സണ്ണി ,സി.പി.ഒ മാരായ അരുൺ ,വികാസ് ,ജോമി, ഹോംഗാർഡ് തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെയും മോഷ്ടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.