
കട്ടപ്പന: വാഴവരയിൽ മദ്യപസംഘങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടി ജനം. പള്ളിനിരപ്പ് നിർമലാസിറ്റി റോഡരികിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സംഭരണ ടാങ്ക് കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നത്. ദൂരെസ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തി മദ്യസേവ നടത്തുന്നതും ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും പതിവാണ്. ഇവർ തമ്മിൽ സംഘർഷങ്ങളും പതിവായതോടെ പ്രദേശവാസികൾക്ക് ഇവരെപ്പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രം കൂടിയാണിവിടം. നേരത്തെ നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് പൊലീസ് പട്രോളിംഗ് ആരംഭിച്ചതോടെ സാമൂഹിക വിരുദ്ധശല്യം കുറഞ്ഞെങ്കിലും ഇപ്പോൾ പഴയപടിയായി. കല്യാണത്തണ്ട് മലനിരകളുടെ വിദൂരദൃശ്യം ആസ്വദിക്കാൻ ഏറെ സഞ്ചാരികളും സമീപപ്രദേശങ്ങളിൽനിന്നുള്ളവരും എത്തിയിരുന്നു. എന്നാൽ സന്ദർശകർക്ക് മദ്യപസംഘങ്ങൾവരുത്തുന്ന ദുരിതം ചെറുതല്ല. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കി ലഹരിസംഘത്തെ തുരത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.