മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിനും പുല്ലുവില
കോട്ടയം: എം.സി റോഡിൽ ചങ്ങനാശേരി മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത് കൈയേറ്റം വ്യാപകമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. അപകടകരമായ രീതിയിൽ കോട്ടയം നഗരത്തിൽ പോലും റോഡ് കൈയേറി കച്ചവടക്കാരുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.
റോഡ് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പഠനം നടത്തിയത്. ചങ്ങനാശേരി മുതൽ ഏറ്റുമാനൂർ വരെയുള്ള റോഡിൽ അൻപതിലേറെ സ്ഥലങ്ങളിൽ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ പതിനഞ്ചിലേറെ സ്ഥലങ്ങളിലാണ് അപകടകരമായ രീതിയിൽ റോഡ് കയ്യേറ്റമുള്ളത്. മീൻ വിൽപ്പനക്കാരും, പച്ചക്കറി വിൽപ്പനക്കാരും അടക്കമുള്ളവർ കൊവിഡ് കാലത്തിനു ശേഷം കോട്ടയത്തെ റോഡുകൾ കൈയേറിയിട്ടുണ്ട്.
റോഡരികുകളിൽ ഇത്തരം സാധനങ്ങൾ ലഭിക്കുന്നതിന്റെ ഏറ്റവും വലിയ അപകടം രണ്ടാണ്. കൊവിഡ് കാലത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കടകളിൽ ആൾക്കൂട്ടം പതിവാണ്. ഇത് കൂടാതെയാണ് ഈ കടകൾ കണ്ട് റോഡിൽ തന്നെ നിർത്തുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ. അശ്രദ്ധമായും അപകടകരമായും ഇത്തരത്തിൽ നിർത്തുന്ന വാഹനങ്ങൾ കാൽ നടയാത്രക്കാരെയും, ഇതുവഴി കടന്നു വരുന്ന വാഹനങ്ങളെയും അപകടത്തിലാക്കുന്നതും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലെ ആവശ്യം.
ബിരിയാണിക്കടകൾ
അപകടക്കെണി
കൊവിഡിനു ശേഷം എം.സി റോഡരികിൽ തകൃതിയായി ആരംഭിച്ചിരിക്കുന്ന ബിരിയാണിക്കടകൾ അപകടഭീഷണി ഉയർത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളിലാണ് ഇത്തരത്തിൽ ബിരിയാണിക്കച്ചവടം നടത്തുന്നത്. പലപ്പോഴും വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും ബിരിയാണിക്കച്ചവടക്കാർ വാഹനം പാർക്ക് ചെയ്യാറുണ്ട്. ഇത്തരത്തിൽ അപകടകരമായി വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ നാലു മാസത്തിനിടെ 12 വാഹനങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.