
കോട്ടയം : പൂജാ അവധിക്കാലത്ത് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഉത്തരേന്ത്യൻ വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞൊരു കാലമുണ്ടായിരുന്നു. പക്ഷെ കൊവിഡ് കാലത്ത് ഏറെ നാളുകൾക്ക് ശേഷം വിനോദ സഞ്ചാരമേഖല തുറന്നെങ്കിലും സഞ്ചാരികൾ ചുരുക്കമാണ്. ഇളവുകൾ വന്നിട്ടും പ്രതീക്ഷിച്ച ഉണർവ് ആദ്യ ആഴ്ചകളിൽ ഹൗസ് ബോട്ടുകൾക്ക് ലഭിച്ചിട്ടില്ല. നാമമാത്ര ഹൗസ് ബോട്ടുകൾക്കാണ് കുമരകത്ത് ഓട്ടം. കോഴിക്കോട്, തൃശൂർ ഭാഗങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. സഞ്ചാരികൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകൃത പാസ് ആവശ്യമാണ്. അതിനാൽ മുൻകൂട്ടി അറിയിക്കാതെ എത്തുന്ന യാത്രക്കാർക്ക് നിയമപരമായി ഹൗസ് ബോട്ട് യാത്ര പാടില്ല.
നിരോധനാജ്ഞ തടസം
നിരോധനാജ്ഞയും നിയന്ത്രണങ്ങളും നിലനിൽക്കുന്നതാണ് ഉത്തരേന്ത്യൻ യാത്രക്കാർ വരാൻ മടിക്കുന്നതിന്റെ പ്രധാന കാരണം. നവരാത്രി ആഘോഷത്തിനായി ഉത്തരേന്ത്യക്കാർ കൂട്ടമായി എത്തുന്ന പതിവുണ്ടായിരുന്നെങ്കിലും ഇക്കുറി അത്തരമൊരു ശുഭകാഴ്ചയില്ല. നിരക്ക് കുറച്ചിട്ട് പോലും യാത്രക്കാരെ കിട്ടാനില്ല. പരമാവധി പത്ത് യാത്രക്കാരെന്ന് നിയന്ത്രണമുള്ളതിനാൽ കൂട്ടമായി യാത്ര ബുക്ക് ചെയ്യുന്നവരും പിൻവാങ്ങി. ഒരു മുറിയിൽ രണ്ട് പേർക്ക് മാത്രമാണ് താമസിക്കാൻ അനുമതി.15 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ അച്ഛനും അമ്മയ്ക്കും ഒപ്പം മുറിയിൽ കഴിയാം. പൂജാ അവധി പ്രതീക്ഷിച്ച് നല്ല തുക മുടക്കിയാണ് ഉടമകൾ അറ്റകുറ്റപ്പണി നടത്തി ബോട്ട് സജ്ജമാക്കിയതെങ്കിലും വിരലിൽ എണ്ണാൻ പോലുമുള്ള ബോട്ടുകൾക്ക് ഓട്ടം കിട്ടിയിട്ടില്ല.
'' കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഗസ്റ്റുകളുടെ തിരക്കായിരുന്നു മുൻ വർഷങ്ങളിൽ ഈ സമയം. വിളിക്കുന്നവർ ആദ്യം പറയുന്നതും 144മായി ബന്ധപ്പെട്ട ആശങ്കയാണ്. കൊവിഡ് പ്രതിസന്ധി മേഖലയിൽ നിന്ന് വിട്ടൊഴിയുന്നില്ല
ഹണി ഗോപാൽ, സെക്രട്ടറി ഹൗസ് ബോട്ട് ഓണേഴ്സ് അസോ.