hotel

കോട്ടയം : കൊവിഡിന് പിന്നാലെ സവാളയ്‌ക്കും, ഉള്ളിയ്‌ക്കും ചിക്കനും വില വർദ്ധിച്ചതോടെ ഹോട്ടൽ മേഖലയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമായി. ഓണത്തിന് നൂറ് രൂപയ്‌ക്ക് അഞ്ചുകിലോ സവാള ലഭിച്ചിരുന്നെങ്കിൽ ഇന്ന് രു കിലോ സവാളയ്‌ക്ക് 100 രൂപയ്‌ക്കടുത്തായി. കഴിഞ്ഞ മാസം വരെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. ഇപ്പോൾ പൂർണ പ്രവർത്തന സജ്ജമായെങ്കിലും പകുതി സീറ്റുകളിലേ ആളുകളെ ഇരുത്താൻ സാധിക്കുകയുള്ളൂ. കൊവിഡ് ഭീതി കാരണം പലരും ഹോട്ടലുകളിലേക്കെത്തുന്നില്ല.

കുതിച്ചുകയറി സവാള വില

ഓണക്കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് എത്തിയിരുന്ന സവാളയ്‌ക്ക് 18 മുതൽ 20 രൂപ വരെയായിരുന്നു വില. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 60 മുതൽ 90 രൂപ വരെയായി. ചെറിയ ഉള്ളിയ്‌ക്ക് 95ഉം. കൊവിഡിന് ശേഷം ചിക്കൻ വിലയിൽ വലിയ കുറവുണ്ടായിട്ടില്ല.

ഹോട്ടലുകൾ അടച്ചിടേണ്ടി വരും

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വിലക്കയറ്റമെന്നും നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകും.