കുറവിലങ്ങാട് : കേരള സർക്കാർ സ്ഥാപനമായ ഞീഴൂർ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിന് വേണ്ടി പുതിയതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം 27ന് ഉച്ചകഴിഞ്ഞ് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. തിരുവാമ്പാടി ഭൂതപാണ്ടൻ ചിറയിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് കൈമാറിയ 5 ഏക്കർ സ്ഥലത്താണ് കോളേജ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപയും ഐ.എച്ച്.ആർ.ഡിയുടെ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. 27 ന് ചേരുന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാവരണം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ ജന പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഡി രാധാകൃഷ്ണൻ നായർ, കോളേജ് പ്രിൻസിപ്പൽ വി.ടി ശ്രീകല എന്നിവർ അറിയിച്ചു.