
പുലർച്ചെ റോഡിൽ നിരത്തി വിൽപന നടത്തുന്നു
മലിനീകരണവും ഗതാഗതക്കുരുക്കും
കട്ടപ്പന: പുളിയൻമലയിൽ സംസ്ഥാനപായോരത്ത് നടത്തിവന്ന അനധികൃത മത്സ്യക്കച്ചവടം കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം തടഞ്ഞു. പുലർച്ചെ വാഹനങ്ങളിൽ എത്തിച്ച മത്സ്യം റോഡിൽ നിരത്തി ചില്ലറ വിൽപനക്കാർക്ക് കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. മൊത്ത വ്യാപാരികൾക്കെതിരെ പിഴ ഈടാക്കൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ റോഡിൽ നിരത്തി ചെറുകിട കച്ചവടക്കാർക്ക് മത്സ്യം നൽകുന്നതായി നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു. മൂവാറ്റുപുഴ, പേഴയ്ക്കാപ്പള്ളി, തൊടുപുഴ, ഏറ്റുമാനൂർ, പായിപ്പാട് എന്നിവിടങ്ങളിൽ നിന്നു ലോറികളിൽ മത്സ്യം എത്തിച്ച് പുളിയൻമല റോഡിൽ പുലർച്ചെ അഞ്ച് മുതലാണ് വിൽപന നടക്കുന്നത്. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, ബാലഗ്രാം, കല്ലാർ, ചേമ്പളം, എഴുകുംവയൽ, വണ്ടൻമേട്, പുറ്റടി, അന്യാർതൊളു, ചേറ്റുകുഴി, ആമയാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചെറുകിട വ്യാപാരികൾക്കാണ് മത്സ്യം വിൽക്കുന്നത്. ഇവർ റോഡിൽ നിരത്തി മത്സ്യം വീതംവച്ച് പല സ്ഥലങ്ങളിലേക്ക് വിൽപനയ്ക്കായി പോകുന്നു. വീതം വയ്ക്കലിനു ശേഷം മത്സ്യാവശിഷ്ടങ്ങളും മലിനജലവും ഇവിടെ കെട്ടിക്കിടക്കുന്നത് പതിവാണ്. വിൽപന നടക്കുന്ന സമയങ്ങളിൽ ചില്ലറ വ്യാപാരികൾ എത്തുന്ന വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു. കൂടാതെ മത്സ്യം കൊണ്ടുവരുന്ന തെർമ്മോക്കോൾ പെട്ടികൾ വഴിയോരങ്ങളിൽ തള്ളിയാണ് മൊത്ത വ്യാപാരികൾ മടങ്ങുന്നത്.
നിയമനടപടി സ്വീകരിക്കും
ഇന്നലെ ആരോഗ്യ വിഭാഗം പരിശോധനയ്‌ക്കെത്തിയപ്പോൾ പത്തിലധികം വാഹനങ്ങൾ മത്സ്യം കൊണ്ടുപോകാനായി എത്തിയിരുന്നു. വ്യാപാരികൾ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിയമ ലംഘനം തുടർന്നാൽ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു. ഹെൽത്ത് ഇൻസ്പക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ്, നഗരസഭാ ജീവനക്കാരൻ ബിബിൻ തോമസ് എന്നിവരാണ് പരിശോധന നടത്തിയത്.