
ആറ് വർഷം മുമ്പ് കേരള രാഷ്ട്രീയത്തെ "ഫിറ്റാക്കിയ" ബാർ കോഴ അന്വേഷിക്കാൻ കെ.എം.മാണി നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതിനൊപ്പം പുറത്തുവന്നതിനെ ചൊല്ലിയുള്ള വിവാദം മഴ പെയ്തിട്ടും മരം പെയ്യുന്നതു പോലെ തുടരുകയാണ്.
ആറു വർഷമായി വലതും ഇടതും അന്വേഷിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഇടതു പക്ഷത്തിനു പിടിച്ചു നിൽക്കാൻ ഒരു വിഷയമായി . ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ പോലെ ജോസ് വഴി പാമ്പിനെ വിളിച്ചു വരുത്തി വിഷം എടുപ്പിച്ചു. ബാർകോഴ എങ്കിൽ ബാർ കോഴ എന്നു പറഞ്ഞു കോടിയേരി രംഗത്തെത്തി. പഴയ കേസ് കെട്ടുകൾ വിജിലൻസും അഴിച്ചതോടെ ചാനൽ പണ്ഡിതന്മാരുടെ ബോറൻ ചർച്ച എത്ര നാൾ നീളും ദൈവമേ എന്നു ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.
കെ.എം.മാണിക്കിട്ട് ചില യു.ഡി.എഫ് നേതാക്കൾ പണിത പാരയായ ബാർ കോഴ അന്വേഷിക്കാൻ സി.എഫ് തോമസിന്റെ നേതൃത്വത്തിൽ ആറംഗ കമ്മിഷനെ ആറു വർഷം മുമ്പ് നിയമിച്ചു. മാണിയും സി.എഫ്.തോമസും മരിച്ചിട്ടും റിപ്പോർ്ട്ട് പുറത്തു വന്നില്ല. ബാർകോഴ എല്ലാവരും മറന്നിരിക്കുമ്പോഴായിരുന്നു കൊച്ചിയിലെ ഒരു ഡിറ്റക്ടീവ് ഏജൻസിയെക്കൊണ്ട് പാർട്ടി തയ്യാറാക്കിച്ച 71 പേജുള്ള അന്വേഷണ റിപ്പോർട്ട് ഗ്ലാസ് തുളുമ്പി പുറത്തു ചാടിയത്. റിപ്പോർട്ട് ഔദ്യോഗികമല്ലെന്നും ഒറിജിനൽ രേഖ തന്റെ "കൈവശ" മുണ്ടെങ്കിലും ഇപ്പോൾ വെളിപ്പെടുത്തില്ലെന്നുമായിരുന്നു ജോസിന്റെ വിശദീകരണം.
കെ.എം. മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയായിരുന്നു . മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് പുറമേ .പി.സി.ജോർജ്, ജോസഫ് വാഴക്കൻ, ആർ.ബാലകൃഷ്ണപിള്ള ,അടൂർ പ്രകാശ്, പൊലീസ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. .കെ.എം.മാണിയേയും കേരള കോൺഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിൽ.
എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിദ്ധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ച് നടന്ന ഗൂഢാലോചനയുടെ ലക്ഷ്യം ഉമ്മൻ ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു ഈ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായിൽ മാണിയെ നേരിട്ട് കണ്ടു. മാണി വഴങ്ങിയില്ല. തുടർന്നാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സി.എഫ്.തോമസിന്റെ ഒപ്പോടുകൂടിയുളള റിപ്പോർട്ടാണ് ജോസിന്റെ ഇടതു പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ മാനത്തു നിന്ന് പൊട്ടി വീണതുപോലെ മാദ്ധ്യമങ്ങൾക്ക് കിട്ടിയത്. മാണിയും തോമസും ജീവിച്ചിരിപ്പില്ലാത്തതിനാൽ ഒറിജിനൽ ഏത്, ഡൂപ്ലിക്കേറ്റ് ഏത് എന്ന് കണ്ടെത്താനും കഴിയില്ല. അതിന് വേറേ അന്വേഷണ കമ്മിഷനെ നിയമിക്കേണ്ടി വരുമായിരിക്കും.
റിപ്പോർട്ട് പുറത്തു വന്നതിന് പിറകേ ജോസ് ബാർ കോഴ കേസ് ഒതുക്കാൻ പത്തു കോടി വാഗ്ദാനം ചെയ്തെന്ന ബോംബ് ബിജു രമേശ് പൊട്ടിച്ചു. രമേശിനും ബാബുവിനുമൊക്കെ കൊടുത്ത കോടികളുടെ കണക്ക് ബിജു രമേശ് പുറത്തു വിട്ടിട്ടുണ്ട്. ജോസ് പത്ത് കോടി നൽകാമെന്ന് വാഗ്ദാനം ചെയ്തായി ബിജു വെളിപ്പെടുത്തിയെങ്കിലും മാണിക്കും ജോസിനും കൊടുത്തു ശീലമില്ല വാങ്ങിയേ ശീലമുള്ളുവെന്ന് പരിഹസിച്ച് ട്രോളർമാർ ബിജുവിന്റെ ആരോപണം തള്ളുകയാണ്.
സ്വപ്ന ,ശിവശങ്കരൻ,ലൈഫ് മിഷൻ ,മന്ത്രി ജലീൽ , ഈന്തപ്പഴം എന്നീ ചർച്ചാ വിഷയങ്ങൾ ഉപേക്ഷിച്ച് ചാനലുകൾ റിപ്പോർട്ടിന് പിറകേ ഓടി. ഇടതു മുന്നണി ആഗ്രഹിച്ചത് ഇതായിരുന്നു. വിവാദങ്ങൾ വഴി തിരിച്ചുവിടാൻ ജോസിനെ ഉപദേശിച്ചത് പിണറായിയോ അതോ കോടിയേരിയോ എന്നു മാത്രം ഇനി അറിഞ്ഞാൽ മതി.
.