
പാലാ : പാലായുടെ ഗജസാമ്രാട്ട് മഞ്ഞക്കടമ്പിൽ വിനോദിന് ആദരവോടെ വിട. കേരളത്തിലെയാകെ ആന പ്രേമികളെ ദു:ഖത്തിലാഴ്ത്തി വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് വിനോദ് ചെരിഞ്ഞത്.
ഇന്നലെ രാവിലെ നിലവിളക്കിന്റെയും, ചന്ദനത്തിരികളുടെയും സമീപം ചുവന്ന പട്ട് ധരിപ്പിച്ച് വിനോദിനെ കിടത്തി. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ആന പ്രേമികളാണ് പ്രണാമം അർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തുടർന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മഞ്ഞക്കടമ്പിൽ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു.
മഞ്ഞക്കടമ്പിൽ ബെന്നിയാണ് ഈ കരിവീരനെ മഞ്ഞക്കടമ്പിൽ വീട്ടിലെത്തിച്ചത്. ബെന്നി മരണമടഞ്ഞതോടെ നിലവിൽ വിനോദ് മഞ്ഞക്കടമ്പിൽ ഷാജിയുടെ സംരക്ഷണത്തിലായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ തിടമ്പേറ്റിയിരുന്ന വിനോദ് കിടങ്ങൂർ മഹാദേവക്ഷേത്രം, കാപ്പാട്ടൂർ മഹാദേവ ക്ഷേത്രം , ചെമ്പിളാവ് മഹാദേവ ക്ഷേത്രം, കരൂർ ഭഗവതി ക്ഷേത്രം, പോണാട് കാവ്ഭഗവതി ക്ഷേത്രം, പയപ്പാർ ശ്രീധർമ്മാക്ഷേത്രം ഉൾപ്പെടെ മീനച്ചിൽ താലൂക്കിലെ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കുറവിലങ്ങാട് മർത്തമറിയം ഫൊറോനപള്ളിയിലെ ആനവായിൽ ചക്കര നേർച്ച ചടങ്ങിലെ എല്ലാവർഷത്തെയും സാന്നിദ്ധ്യമായിരുന്നു വിനോദ്. 54 വയസുള്ള വിനോദ് പൊതുവെ ശാന്തശീലനായിരുന്നു. ഈയോ ബിന്റെ പുസ്തകം ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതാം തീയതി മുതൽ രോഗാവസ്ഥയിൽ ആയിരുന്ന വിനോദിന് വിദഗ്ദ്ധ ചികിത്സകൾ നല്കിയെങ്കിലും ഫലം കണ്ടില്ല.
അവസാന നിമിഷവും അവൻ
എന്നെ കെട്ടിപ്പിടിച്ചു
രാത്രി 10 മണിയോടെ അവൻ ശ്വാസം എടുത്തു വലിക്കാൻ തുടങ്ങി. ഞാനും ഉടമകളായ ഷാജിയും സജിയുമൊക്കെ ഉണ്ടായിരുന്നു. ഞാൻ ഓടിച്ചെന്ന് മസ്തകത്തിൽ അമർത്തി തിരുമ്മി. കിടന്ന കിടപ്പിൽ അവൻ തുമ്പിക്കൈ ഉയർത്തി എന്നെ കെട്ടിപ്പിടിച്ചു. ആദ്യം ഇറുക്കിപ്പിടിച്ചു. പിന്നെ പതിയെ പിടി അയഞ്ഞു. എന്റെ വിനോദ് പോയി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒന്നാം പാപ്പാൻ സൂരജ് വികാരാധീനനായി. ' അവൻ ഞങ്ങൾക്കെല്ലാം മോൻ ആയിരുന്നു. മദപ്പാടിലും ഒരു കുഴപ്പവും കാണിക്കാത്തവൻ. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ് വിട പറഞ്ഞത് ' ആനയുടമ സഹോദരരിൽ ഒരാളും കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ശ്വാസകോശത്തെ ബാധിച്ച ഗുരുതര രോഗമാണ് അകാലത്തിൽ വിനോദ് ചെരിയാനിടയായതെന്ന് പോസ്റ്റുമോർട്ടം നടത്തിയ വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.