വൈക്കം: നവരാത്രി ആഘോഷങ്ങളുടെ നിറവിൽ ക്ഷേത്രങ്ങൾ.
വൈക്കം ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീകോവിലിൽ പൂജ ചെയ്ത ഗ്രന്ഥം മേൽശാന്തി സോപാനനടയിൽ വച്ച് ഇടമന ഇശ്വരൻ നമ്പൂതിരിക്ക് കൈമാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗ്രന്ഥം കലാപീഠത്തിലെ സരസ്വതി മണ്ഡപത്തിലെക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും പഠനോപകരണങ്ങളും വച്ച് പൂജ വയ്പ് നടത്തി. 26 നാണ് വിദ്യാരംഭം.കുട്ടികൾക്ക് രക്ഷകർത്താക്കൾ തന്നെ ആദ്യക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നവരാത്രി ആഘോഷിക്കുന്നത്. വിജയദശമി ദിനത്തിൽ നടത്തേണ്ട കലാപീഠം വിദ്യാർത്ഥികളുടെ അരങ്ങേറ്റം മാറ്റിയിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉദയനാപുരം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ പുസ്തകം പൂജവയ്ക്കുന്നതിനായി സമർപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ നവമി പൂജകൾ നടക്കും. നാടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനുമായി വിജയദശമി ദിവസം രാവിലെ 6 മുതൽ പന്തീരായിരം പുഷ്പാഞ്ജലി നടക്കും. ശബരിമല മുൻമേൽശാന്തി നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പുഷ്പാഞ്ജലി പകൽ പതിനൊന്ന് മണി വരെ നീളും. ക്ഷേത്രം മേൽശാന്തി വിജയൻ നമ്പൂതിരി , പ്രൊഫ:സതീശ് പോറ്റി മുതലായവർ സഹകാർമികരാകും. വിജയദശമി, പന്തീരായിരം പുഷ്പാഞ്ജലി പുജകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി ഒരേ സമയം പത്തു പേർക്കു വീതം രാവിലെ 8 മുതൽ ദർശനം അനുവദിച്ചിട്ടുണ്ട്.
വൈക്കം പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ദിനിൽ ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിക്കും. വിദ്യാരംഭം 26ന് രാവിലെ 6 30 നും 9 നും മദ്ധ്യേ നടക്കും.
അയ്യർകുളങ്ങര ദേവീ ക്ഷേത്രത്തിൽ18ാ മത് ദേവീ ഭാഗവത നവാഹയഞ്ജവും നവരാത്രി പൂജയും ആരംഭിച്ചു. ദുർഗ്ഗാഷ്ടമി ദിനത്തിൽ വിശേഷാൽ പൂജകളും പൂജവയ്പും നടന്നു.
26 ന് വിജയദശമി ദിനത്തിൽ പൂജയെടുപ്പോട് കൂടി യജ്ഞം സമാപിക്കും. പ്രഭാഷണവും ദേവി ഭഗവതി പാരായണവും ഉണ്ടാവും.

തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മണ്ഡപത്തിൽ ഇന്നലെ വൈകിട്ട് 6 ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജവയ്പ്പ് ചടങ്ങ് നടത്തി. 26 ന് രാവിലെ 7.30 ന് പൂജയെടുപ്പ്,വിദ്യാരംഭം എന്നിവ നടക്കും.

വടയാർ സമൂഹത്തിൽ നവരാത്രി ഉത്സവം ആരംഭിച്ചു. പൂജവയ്പ്, ബൊമ്മക്കൊലു ദർശനം 26 ന് രാവിലെ 9.15ന് വേദജപം, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ഉണ്ടാവും.