കോട്ടയം: കേരള എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ പ്രക്ഷോഭത്തിലേയ്ക്ക്. മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ തസ്തികകൾ സംരക്ഷിക്കുക, മോട്ടോർവാഹനവകുപ്പിനെ തകർക്കുന്ന കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം പിൻവലിക്കുക, മോട്ടോർവാഹനവകുപ്പിനെ ശാക്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ എല്ലാ ആർടിഒ/ സബ് ആർടിഒ ഓഫീസുകൾക്കു മുന്നിലും പ്രകടനം നടത്തി. കോട്ടയം ജോയിന്റ് ആർ.ടി.ഒ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ സംസാരിച്ചു. സബ് ആർടിഒ ഓഫീസുകൾക്കു മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി സാബു, വി കെ വിപിനൻ, സന്തോഷ് കെ കുമാർ, മീനച്ചിൽ ഏരിയ സെക്രട്ടറി വി വി വിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.