കട്ടപ്പന: കട്ടപ്പനയാറിൽ ഇരുപതേക്കർ പാലത്തിനടിയിലായി മരിച്ച നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജാർഖണ്ഡ് സ്വദേശിയായ ഗുരു തുഡു(35) വിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച കണ്ടെത്തിയത്. പൊലീസും അഗ്‌നിശമന സേനയും ചേർന്ന് പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ കഴിഞ്ഞദിവസമാണ് ജാർഖണ്ഡിൽ നിന്നു അമ്പലപ്പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളെ കട്ടപ്പനയിലെ വിവിധയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി നാട്ടുകാർ കണ്ടിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കമുണ്ടായ തോട്ടത്തിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലായി.