പ്രതി എക്സൈസിൽനിന്നും പുറത്താക്കപ്പെട്ടയാൾ

അടിമാലി: നേര്യമംഗലം ഫോറെസ്റ്റ് റേഞ്ചിൽ, വാളറ ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും തേക്ക് കഴകൾ മുറിച്ച് നീക്കം ചെയ്ത കേസ്സിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനപാലകരെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേര്യമംഗലം കോളനി ഭാഗത്ത് താമസിക്കുന്ന ഇടക്കുടി വീട്ടിൽ സുരേന്ദ്രനെ ഊന്നുകൽ പൊലീസ് കസ്റ്റഡിയിലെടുത്തു . നേര്യമംഗലം ഫോറെസ്റ്റ് റേഞ്ചിൽ നഗരംപാറ ഫോറെസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫ് നീനു പ്രതീപ്, വാളറ ഫോറെസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് അഭിജിത്ത് എസ്. എസ്. എന്നീ ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിലെ പ്രതിയായ സുരേന്ദ്രനെ അന്വേഷിച്ച് വനപാലകർ എത്തിയപ്പോഴാണ് ആക്രമിച്ചത്. സുരേന്ദ്രന്റെ പുതിയ വീട് പണിയുടെ ആവശ്യത്തിലേക്ക് കാഞ്ഞിരവേലി തേക്ക് തോട്ടത്തിൽ നിന്നിരുന്ന തേക്ക് കഴകൾ സഹായികളെ ഒപ്പംകൂട്ടി കൂട്ടി മുറിച്ച് വാഹനത്തിൽ കൊണ്ടുപോയി ഉരുപ്പടികൾ നിർമിച്ചിരുന്നു. പിന്നീട് പുരയിടത്തിൽ നിന്നും ഇവ കണ്ടെത്തി.എക്‌സൈസ് ജീവനക്കാരനായിരുന്ന സുരേന്ദ്രനെ അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.ഇയാൾ പല ഫോറെസ്റ്റ്, പൊലീസ്, എക്‌സൈസ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയച്ചു.