ambal

കോട്ടയം: മഹാനവമി ദിനത്തിൽ പനച്ചിക്കാട് അമ്പാട്ട് കടവിലെ ആമ്പൽ വസന്തം സന്ദർശിക്കാൻ എത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചവെന്ന് ആരോപിച്ചാണ് കേസ്. 200 രൂപ വീതം പിഴയും ഈടാക്കി.

പനച്ചിക്കാട് ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾക്കു ശേഷമാണ് ആളുകൾ അമ്പാട്ട്കടവിൽ എത്തിയത്. ഇവിടെ സന്ദർശകരെ പ്രതീക്ഷിച്ച് കുതിരയും കുട്ടവഞ്ചിയും അടക്കം ഒരുക്കിയിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ ആളുകൾ അമ്പാട്ട് കടവിലേയ്ക്ക് എത്തി. ഇവരെ നിയന്ത്രിക്കാൻ അമ്പാട്ട് കടവ് ആമ്പൽ വസന്തം ടൂറിസം സൊസൈറ്റി പൊലീസ് സഹായം തേടി. എന്നാൽ, ഈസ്റ്റ് പൊലീസ് എത്തി സൊസൈറ്റി ഏർപ്പാടാക്കിയിരുന്ന കുതിരക്കാരനെതിരെയും വള്ളക്കാരനെതിരെയും പോലും കേസെടുക്കുകയായിരുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള സർക്കാർ നിർദേശം അനുസരിച്ചാണ് അമ്പാട്ട് കടവും തുറന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാനവമി ദിവസമാണ് ഞായറാഴ്ച. മഹാ നവമി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് എത്തിയ ആളുകൾ മടങ്ങിപ്പോയപ്പോഴാണ് അമ്പാട്ട് കടവ് സന്ദർശിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരണമാണ് അമ്പാട്ട് കടവിന് ലഭിച്ചത്. ഈ സീകാര്യതയുടെ അടിസ്ഥാനത്തിലാണ് ആളുകൾ കൂടുതലായി എത്തിയത്.

ആളുകളെ നിയന്ത്രിക്കാൻ എത്തിയ പൊലീസ് കൊവിഡ്‌ നിയമങ്ങൾ പാലിച്ച് വള്ളത്തിലും മറ്റും സവാരി നടത്തുന്നത് തടയുകയായിരുന്നു. അമ്പാട്ട്കടവിൽ ആമ്പൽ വസന്തം കാണാൻ എത്തുന്നവർക്കു നേരെ കേസെടുത്ത നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

നടപടി വിവേചന പൂർണം

സർക്കാർ നിർദേശം അനുസരിച്ചു അമ്പാട്ട് കടവിൽ ടൂറിസം സൊസൈറ്റി പ്രവർത്തിപ്പിച്ചവർക്കെതിരെ കേസെടുത്തത് വിവേചന പൂർണമായ നടപടിയാണ്. ഇത് പുനപരിശോധിക്കാൻ പൊലീസ് തയ്യാറാകണം. ആളുകളെ നിയന്ത്രിക്കാതെ കുതിരക്കാരനെതിരെയും വള്ളക്കാരനെതിരെയുമാണ് കേസെടുത്തത്. ഇത് അംഗീകരിക്കാനാവില്ല.

ടി.കെ ഗോപാലകൃഷ്‌ണൻ, സെക്രട്ടറി

അമ്പാട്ട്കടവ് ആമ്പൽ വസന്തം സൊസൈറ്റി