trav

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് പ്രതിസന്ധിയിൽ നിന്ന് പ്രതീക്ഷയിലേയ്‌ക്ക് കുതിയ്‌ക്കുന്നു. നഷ്‌ടങ്ങൾ മാത്രം എഴുതിച്ചേർത്തിരുന്ന കാലത്തു നിന്ന് പഴയ പ്രതാപത്തിലേയ്‌ക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ട്രാവൻകൂർ സിമന്റ്സ് . സിമന്റ്സിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് മന്ത്രിമാരായ ഇ.പി ജയരാജനും എം.എം മണിയും നിർവഹിക്കും.

1947 ൽ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ഉത്പന്നമാണ് വൈറ്റ് സിമൻ്റ്. എന്നാൽ, സ്വകാര്യ കമ്പനികൾ വൈറ്റ് സിമൻ്റ് ഉത്പാദിപ്പിക്കുകയും വിപണി കീഴടക്കുകയും ചെയ്‌തതോടെ ട്രാവൻകൂർ സിമൻ്റ്സിനു വിപണിയിൽ നിന്നും തിരിച്ചടി നേരിട്ടു. ഇതു കൂടാതെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നു വേമ്പനാട്ട് കായലിൽ നിന്നും കക്ക വാരുന്നതും നിലച്ചു. കക്കയായിരുന്നു കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്‌തു. ഇതോടെയാണ് കമ്പനിയുടെ തകർച്ച ആരംഭിച്ചത്. മൂന്നു ഷിഫ്റ്റുകളിലായി ഏഴുനൂറോളം ജീവനക്കാർ ഇവിടെ ജോലി ചെയ്‌തിരുന്നു. എന്നാൽ, ഇന്ന് ഇത് മുന്നൂറിൽ താഴെയായി .

പ്രതിസന്ധികളിൽപ്പെട്ട് ഉഴറുമ്പോഴാണ് കമ്പനിയ്‌ക്ക് പ്രതീക്ഷ നൽകി സർക്കാരിന്റെ ഇടപെടൽ ഉണ്ടായത്. കമ്പനിയുടെ വൈവിദ്ധ്യ വത്കരണം നടപ്പാക്കുന്നതിനായി പദ്ധതി തയ്യാറാക്കി. നിലവിലുള്ള പ്രവർത്തനങ്ങൾ ലാഭകരമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും നവീകരണവും അനുബന്ധ സാദ്ധ്യതകളും കണ്ടെത്തുന്നതിനുമായി വിശദമായ പഠനം തന്നെ സർക്കാർ നടത്തിയിട്ടുണ്ട്. സാമ്പത്തിക ലഭ്യത അനുസരിച്ച് ഈ പഠനറിപ്പോർട്ട് പ്രാബല്യത്തിൽ വരുത്തും.

ചിങ്ങവനത്തെ ട്രാവൻകൂർ ഇലക്‌ട്രോ കെമിക്കൽസ് പൂട്ടിയതും, കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്‌ടറിയിലുണ്ടായ പ്രതിസന്ധിയും പരിഗണിക്കുമ്പോൾ ഇനി ജില്ലയിലെ ഏക പ്രതീക്ഷ ട്രാവൻകൂർ സിമന്റ്സാണ് .

ഉദ്ഘാടനം ഇന്ന്

ട്രാവൻകൂർ സിമന്റ്സിലെ ഗ്രേ സിമൻ്റ് ഉദ്പാദന യൂണിറ്റിന്റെ ഉദ്ഘാ‌ടനവും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണവും ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി ഇ.പി ജയരാജൻ നിർവഹിക്കും. വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂണിറ്റ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് , ട്രാവൻകൂർ സിമന്റ്‌സിന്റെയും മലബാർ സിമന്റ്‌സിന്റെയും ഡയറക്ടർ എസ്.ഗണേഷ്‌കുമാർ, ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എസ്.സന്തോഷ് എന്നിവർ പങ്കെടുക്കും.