
ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു
കട്ടപ്പന: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിലായി. നരിയംപാറ തടത്ത്കാലായിൽ മനു മനോജ് (24) ശനിയാഴ്ച കട്ടപ്പന ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞദിവസം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. കഴിഞ്ഞ 22നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. 23ന് പുലർച്ചെ പെൺകുട്ടി വീട്ടിലെ കുളിമുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 40 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ നിന്നു മനുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കിപ്പോഴാണ് പീഡിപ്പിച്ചതായി പറഞ്ഞത്. മൂന്നുദിവസം ഒളിവിൽ കഴിഞ്ഞശേഷമാണ് ഇയാൾ കീഴടങ്ങിയത്. ഇയാൾക്കെതിരെ പോക്‌സോ, എസ്.സി എസ്.ടി പീഡനനിരോധന നിയമം, ലൈംഗികപീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായില്ല. മനുവിനെ ഡി.വൈ.എഫ്.ഐയിൽ നിന്നു പുറത്താക്കി.