
ചങ്ങനാശേരി: ചത്ത വളർത്തുനായയ്ക്ക് കൊവിഡ് ബാധയുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് കുഴിച്ചിട്ട ജഡം പുറത്തെടുത്ത് പരിശോധിച്ചു. പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് വ്യക്തമായി.
മാടപ്പള്ളി പഞ്ചായത്തിലെ 19 വാർഡിൽ ഒരു കുടുംബത്തിലെ 4 അംഗങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ സി.എഫ് എൽ.ടി. സിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ഇവരുടെ വളർത്തുനായ പെട്ടെന്ന് ചത്തു. നാട്ടുകാർ ജഡം കുഴിച്ചിട്ടശേഷമാണ് നായയ്ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന സംശയം ചിലർ ഉന്നയിച്ചത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്ന് പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചു. ഇവർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജഡം പുറത്തെടുത്ത് ടെസ്റ്റ് നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തി. വീണ്ടും കുഴിച്ചിടുകയും ചെയ്തു.
മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിധീഷ് കോച്ചേരി, വെറ്ററിനറി ഡോക്ടർ രാജി റോസ്, വെറ്ററിനറി അസിസ്റ്റന്റ് മാത്യൂസ്, ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗം സോജി മാത്യു, സന്നദ്ധ പ്രവർത്തകൻ ടോണി കുട്ടമ്പേരൂർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.