
കറുകച്ചാൽ: വയസ് 102, പ്രായാധിക്യത്തെയും മറികടന്ന് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് ആശാത്തിയമ്മ. 83 വർഷത്തോളമായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകിയതാണ് തോട്ടയ്ക്കാട് വിലക്കുന്നത്ത് ആശാത്തിയമ്മ എന്നു വിളിക്കുന്ന പാർവതിയമ്മ. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വീടിനോട് ചേർന്ന് നടത്തിയിരുന്ന നിലത്തെഴുത്ത് കളരി നാലു വർഷം മുൻപ് നിർത്തിയെങ്കിലും തങ്ങളുടെ കുരുന്നകൾക്ക് ആദ്യക്ഷരം എഴുതിക്കാൻ നിരവധി പേരാണ് വിജയദശമി ദിനത്തിൽ ആശാത്തിയമ്മയെ തേടി എത്തുന്നത്. അമ്മയുടെ പാത പിന്തുടർന്നാണ് ആശാത്തിയമ്മയും നിലത്തെഴുത്ത് പഠിപ്പിക്കാൻ തുടങ്ങിയത്. ഭർത്താവ് മുക്കാട്ടുവീട്ടിൽ രാഘവക്കുറുപ്പിന്റെ മരണ ശേഷം നിലത്തെഴുത്ത് തൊഴിലായി സ്വീകരിക്കുകയായിരുന്നു.