fire
fire

ചങ്ങനാശേരി : കൊവിഡ് മഹാമാരിയുടെ കാരണം ചൂണ്ടിക്കാട്ടി കുറിച്ചി ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യശേഖരണം നിലച്ചിട്ട് ആറുമാസങ്ങൾ പിന്നിടുന്നു. ഇവ ശേഖരിക്കുവാൻ ഹരിതകർമ്മ സേനയുടെ പ്രവർത്തകർ എത്തുമെന്ന പ്രതീക്ഷയിൽ ഇതുവരെ വീട്ടമ്മമാർ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചുവച്ചിരുന്നു. എന്നാൽ പ്ലാസ്റ്റിക്കുകൾ കുന്നുകൂടി തുടങ്ങിയതോടുകൂടി സ്ഥലപരിമിതി മൂലം പല വീടുകളിലും ഇവ കത്തിച്ചുതുടങ്ങിയതായി വീട്ടമ്മമാർ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ആരോഗ്യപ്രവർത്തകർ ഇപ്പോൾ കടകളിൽ പരിശോധന നടത്താത്തതുമൂലം കടകളിൽ നിന്നും ഒഴിഞ്ഞുപോയ പ്ലാസ്റ്റിക് ക്യാരിബാഗുകൾ വീണ്ടും സജീവമായി രംഗത്തുവന്നിരിക്കുകയാണ്. ഇതുമൂലം വീടുകളിലെ പ്ലാസ്റ്റ് ശേഖരണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ എംസിഎഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കുകയും ചാലച്ചിറ ചന്തയിൽ ഒരു പ്രധാന എംസിഎഫ് കേന്ദ്രം നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ഇതുവരെ പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതുമൂലം ഹരിതകർമ്മസേനയുടെ പ്രവർത്തകർക്ക് ലഭിച്ചുകൊണ്ടിരുന്ന ചെറിയ വരുമാനവും നിലച്ചിരിക്കുകയാണ്. ഹരിതകർമ്മ സേനയുടെ പ്രവർത്തനം പുനഃസ്ഥാപിക്കുവാനും എത്രയും വേഗം വീടുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുവാനും പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.