
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതിനു പകരമായി പി.സി തോമസ് , പി.സി.ജോർജ് വിഭാഗത്തെയും എൻ.സി.പിയിലെ മാണി സി. കാപ്പനെയും യു.ഡി.എഫിൽ എത്തിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ എൻ.ഡി.എയിൽ നിന്നു കിട്ടാത്തതിൽ അസംതൃപ്തിയിലായ പി.സി.തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ടീയ സാഹചര്യങ്ങൾ വിലയിരുത്തി എന്തു നടപടിയെടുക്കാനും ചെയർമാൻ പി.സി.തോമസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
" ഒരു ചെയർമാൻ സ്ഥാനമടക്കം ആറ് സ്ഥാനങ്ങൾ എൻ.ഡി.എ ദേശീയ നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യത്തിൽ ചർച്ച ഉണ്ടാകാത്തതിൽ അണികൾ അസംതൃപ്തരാണ്. ഉന്നത കോൺഗ്രസ് നേതാക്കളുമായി അനൗപചാരിക ചർച്ചകൾ നടന്നു. ധാരണ ആയിട്ടില്ല "- തോമസ് പറഞ്ഞു. അതേസമയം പി.സി.തോമസ് വിഭാഗം യു.ഡി.എഫിൽ എത്തുന്നതിൽ ജോസഫ് വിഭാഗത്തിലെ ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
പി.സി.ജോർജിനെ കൊണ്ടു വരാൻ ഐ ഗ്രൂപ്പ് നേതാക്കൾ താത്പര്യം കാണിക്കുമ്പോൾ പൂഞ്ഞാറിലെ ഐ ഗ്രൂപ്പ് പ്രവർത്തകർ ജോർജിനെതിരെ പ്രമേയം പാസാക്കി എതിർപ്പ് പ്രകടിപ്പിച്ചു. ഉമ്മൻചാണ്ടി അടക്കം എ വിഭാഗം നേതാക്കൾ ജോർജിന്റെ യു.ഡി.എഫ് പ്രവേശനത്തിനെതിരാണ്. പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിൽ മത്സരിച്ച ആന്റോ ആന്റണിയെ തോൽപ്പിക്കാൻ ജോർജ് ശ്രമിച്ചുവെന്നാരോപിച്ച് ആന്റോ ഇടഞ്ഞു നിൽക്കുകയാണ്.
ഇടതു മുന്നണി പാലാ സീറ്റ് ജോസിന് വിട്ടു കൊടുത്താൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അവിടെ മത്സരിക്കാൻ പ്രാരംഭ ചർച്ച നടത്തിയിട്ടുള്ള മാണി സി. കാപ്പനോടാണ് നേതാക്കൾക്ക് കൂടുതൽ ആഭിമുഖ്യം.