kottayam-

കോട്ടയം: 'കുഞ്ഞേട്ടനെക്കാൾ' 25വയസിന് ഇളപ്പമുണ്ട് സീതാലക്ഷ്മിക്ക്. ചരിത്രമെഴുതി 'കുഞ്ഞേട്ടൻ' രാജ്യത്തിന്റെ പ്രഥമ പൗരനായപ്പോൾ ദൂരെനിന്ന് ഉള്ളുനിറഞ്ഞു കണ്ടു. കെ.ആർ.നാരായണന്റെ ഓർമ്മകൾ സ്പന്ദിക്കുന്ന ഉഴവൂരെ തറവാട്‌ വീടിനരികിലെ സ്മൃതി മണ്ഡപത്തിൽ വിളക്ക് തെളിച്ചും പുഷ്പങ്ങൾ അർപ്പിച്ചും സ്നേഹാർച്ചന നടത്തുകയാണ് പിതൃസഹോദരപുത്രി കെ. സീതാലക്ഷ്മിയും ഭർത്താവ് പി.എൻ.വാസുക്കുട്ടനും.

മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ അച്ഛന്റെ സഹോദരൻ കെ.ആർ.അയ്യപ്പന്റെ മകൾ സീതാലക്ഷ്മിക്കു മാത്രമല്ല അടുപ്പമുള്ളവർക്കെല്ലാം അദ്ദേഹം കുഞ്ഞേട്ടനാണ്. സീതാലക്ഷ്മിക്ക് ഓർമ്മവച്ചു തുടങ്ങിയപ്പോഴേക്കും കുഞ്ഞേട്ടൻ ഉയരങ്ങൾ താണ്ടി നാടിന്റെ സ്വന്തമായിരുന്നു. കുട്ടിക്കാല കഥകളൊക്കെ മുതിർന്നവർ പറഞ്ഞുള്ള അറിവാണ്. പഠിക്കാൻ മിടുക്കനായിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസ ശേഷം കോട്ടയം സി.എം.എസ് കോളേജിൽ ചേർത്തത് സ്കൂൾ അദ്ധ്യാപകനായിരുന്ന കെ.ആർ.അയ്യപ്പനാണ്.

കെ.ആർ.നാരായണന്റെ മരണശേഷം ഉഴവൂർ പെരുംതാനത്തെ കോച്ചേരിലെന്ന കുടുംബ വീടിനോട് ചേർന്ന് 15 വർഷം മുൻപാണ് പൊതുമരാമത്ത് വകുപ്പ് സ്മൃതി മണ്ഡപം സ്ഥാപിച്ചത്. അച്ഛൻ രാമൻ വൈദ്യരും അമ്മ പാപ്പിയമ്മയും ഉറങ്ങുന്ന മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്ന ആദ്ദേഹത്തിന്റെ അഭിലാഷം സ്മൃതി മണ്ഡപത്തിലൂടെ നിറവേറ്റപ്പെടുകയായിരുന്നു. മണ്ഡപത്തിലേക്കുള്ള വഴി കോൺക്രീറ്റിട്ട് മനോഹരമാക്കിയെങ്കിലും ആധുനികരീതിയിൽ മണ്ഡപം നിർമ്മിക്കണമെന്ന ആഗ്രഹം ബാക്കിയാണ്.

76 വയസുണ്ട് സീതാലക്ഷ്മിക്ക്. അദ്ധ്യാപികയായിരുന്നു. ഭർത്താവ് വാസുക്കുട്ടൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും.

''കുഞ്ഞേട്ടന്റെ ആഗ്രഹം മനസിലാക്കിയാണ് നിമജ്ജനം ചെയ്യാൻ കൊണ്ടുപോയ ചിതാഭസ്മത്തിൽ നിന്ന് ഒരു ഭാഗം ഇവിടെ എത്തിച്ചത്. ഒരു രാത്രികൊണ്ടാണ് മണ്ഡപം തീർത്തത്. ഉമ്മൻചാണ്ടി സാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് സ്മൃതി മണ്ഡപത്തിനുള്ളിൽ ചിതാഭസ്മം സമർപ്പിച്ചത്.

-കെ. സീതാലക്ഷ്മി