suku

കോട്ടയം: മുന്നാക്ക സംവരണത്തിലെ നിലവിലുള്ള വ്യവസ്ഥ നീതിക്ക് നിരക്കാത്തതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. സാമ്പത്തിക സംവരണത്തിന് അർഹരില്ലെങ്കിൽ ഒഴിവ് കുടിശികയായി മാറ്റിവയ്ക്കണം. സാമ്പത്തിക സംവരണം ജനുവരി മൂന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്നാക്ക സംവരണം കഴിഞ്ഞ 23 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. ഇതു നടപ്പാക്കാനുള്ള കമ്മിഷന്റെ റിപ്പോർട്ട് ജനുവരി മൂന്നിനാണ് സർക്കാർ അംഗീകരിച്ചത്. മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി ഫെബ്രുവരി 12ന് ഉത്തരവും പുറപ്പെടുവിച്ചു. അതിനാൽ മുൻകാല പ്രാബല്യത്തോടെ ജനുവരി മൂന്ന് മുതൽ സാമ്പത്തിക സംവരണം നടപ്പാക്കണം. ജനുവരി മൂന്ന് മുതൽ നടത്തിയ നിയമനങ്ങളും ശുപാർശകളും പുനക്രമീകരിച്ച് നഷ്ടപ്പെട്ട തൊഴിൽ അവസരം സാമ്പത്തിക സംവരണത്തിന് അർഹരായവർക്ക് നൽകണം.

'' മുന്നാക്ക സംവരണത്തിന് അർഹരില്ലെങ്കിൽ ആ ഒഴിവ് കുടിശികയായി മാറ്റിവയ്ക്കാതെ പൊതുവിഭാഗത്തിന് നൽകാമെന്നാണ് സർക്കാർ തീരുമാനം. സംവരണം ലഭിക്കുന്ന മറ്റു വിഭാഗങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണിത്. ഈ സാഹചര്യത്തിൽ ഇക്കാര്യം പുനപ്പരിശോധിക്കണം. സംവരണേതരവിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം'' -അദ്ദേഹം ആവശ്യപ്പെട്ടു.