
കോട്ടയം: കൊവിഡ് കാലത്ത് ഉപജീവനമാർഗമെന്ന നിലയിൽ മൃഗപരിപാലന രംഗത്തേയ്ക്ക് കടക്കുന്നവർക്ക് ഇരുട്ടടിയായി കന്നുകുട്ടികളുടെ വിലവർദ്ധന. പശു, ആട്, കോഴി ഫാമുകൾ തുടങ്ങി വാണിജ്യാടിസ്ഥാനത്തിലും അല്ലാതെയും ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുങ്ങുന്നവരെയാണ് വില കുഴക്കുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ ജോലി പോയ നിരവധി പേരാണ് ജില്ലയിൽ സർക്കാർ ആനുകൂല്യങ്ങളിൽ ആകൃഷ്ടരായി മൃഗപരിപാലന മേഖലയിലേയ്ക്ക് കടക്കാൻ ഒരുങ്ങുന്നത്. സബ്സിഡിയും വായ്പയും അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്യുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. ലോക്ക് ഡൗണിന് ശേഷം കാലിക്കിടാങ്ങളുടെ വില അമ്പത് ശതമാനത്തിനും മുകളിൽ വർദ്ധിച്ചു.
രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന ജംനാപ്യാരി ഉൾപ്പെടെ കൂടിയ ആട് ഇനങ്ങൾക്ക് 25000 രൂപയ്ക്കും മുകളിലാണ് വില. മുന്തിയ ഇനങ്ങളെന്ന വ്യാജേനെ ഗുണനിലവാരമില്ലാത്തവയും എത്തുന്നുണ്ട്. പോത്തിൻ കുട്ടികൾക്ക് ഇപ്പോൾ പതിനായിരത്തിന് മുകളിലാണ് വില. കറവപ്പശുക്കൾക്ക് അമ്പതിനായിരത്തിന് മുകളിലും.
നഷ്ടക്കച്ചവടം
സർക്കാർ ആനുകൂല്യങ്ങൾ പ്രതീഷിച്ച് മൃഗപരിപാലന രംഗത്ത് ഇറങ്ങുന്നവരെ ചൂഷണം ചെയ്യാനും സംഘങ്ങളുണ്ട്. ഇത്രയും വിലയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി പരിപാലിച്ചാൽ കർഷകന് നഷ്ടമാകും ഫലം. കൂടും തീറ്റയും മരുന്നും അടക്കമുള്ള പരിപാലനച്ചെലവും ഏറെയാണ്.
കോഴിക്കുഞ്ഞ്
പഴയ വില: 70 രൂപ
ഇപ്പോൾ :150 രൂപ
ആട്ടിൻ കുട്ടി
പഴയ വില : 5000 രൂപ
ഇപ്പോൾ : 10000 രൂപ
'' ഗുണനിലവാരമുള്ള കുഞ്ഞുങ്ങളാണ് കർഷകർക്ക് ലഭിക്കുന്നതെന്ന് സർക്കാർ പരിശോധിച്ച് ഉറപ്പാക്കണം. അമിത വില ഈടാക്കി ഗുണനിലവാരമില്ലാത്ത കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് തടയണം''
എബി ഐപ്പ്, കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ