accident

കോട്ടയം: ലോക്ക് ഡൗണോടെ കുറഞ്ഞ വാഹനാപകട മരണങ്ങൾ വീണ്ടും കൂടുന്നു. ലോക്ക്ഡൗണിന് ശേഷം പരിശോധന ശക്തമാക്കിയപ്പോൾ വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും വീമ്പുപറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും കൂടുകയാണ്. കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 10പേരാണ് മരിച്ചത്. ലോക്ക്ഡൗൺ ഇളവുകൾക്ക് പിന്നാലെ വാഹനങ്ങൾ കൂടുതലായി നിരത്തിൽ ഇറങ്ങുന്നതാണ് അപകട കാരണമെന്നാണ് ഇപ്പോൾ അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ 15ന് പുതുപ്പള്ളിക്ക് സമീപം കാർ കെ.എസ്.ആർ.ടി.സി. ബസിലേക്ക് ഇടിച്ചു കയറി നാലു പേരും ശനിയാഴ്ച ചങ്ങനാശേരി വാഴൂർ റോഡിൽ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേരും മരിച്ചിരുന്നു. അന്നു തന്നെ കുമാരനല്ലൂരിലുണ്ടായ അപകടത്തിലും ഞായറാഴ്ച രാത്രി നീണ്ടൂരിലുണ്ടായ അപകടത്തിലും ഓരോരുത്തർ മരിച്ചിരുന്നു. മുണ്ടക്കയം, നാട്ടകം ബൈപ്പാസ്, മാങ്ങാനം എന്നിവിടങ്ങളിലും ഓരോരുത്തർ വാഹനാപകടത്തിൽ കഴിഞ്ഞ ആഴ്ചകളിൽ മരിച്ചു.
നാട്ടകം ബൈപ്പാസ്, കുമാരനല്ലൂർ എന്നിവിടങ്ങളിൽ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. ഞായറാഴ്ച എം.സി. റോഡിൽ കുറിച്ചി കാലായിപ്പടി, കോടിമത എന്നിവിടങ്ങളിലും വാഹനാപകടങ്ങളുണ്ടായി.

ഇവയ്ക്കു പരിഹാരമുണ്ടോ‌‌?

 അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും

 ബൈക്കുകളുടെ ഇടതുവശത്തുകൂടിയുള്ള ഒാവർടേക്കിംഗ്

 ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ

 വഴിവിളക്കുകളുടെയും സൈൻ ബോർഡുകളുടെയും അഭാവം

 റോഡിന്റെ ശാേച്യാവസ്ഥയും അപകട കുഴികളും