
അടിമാലി: ഏറെ നാളുകൾക്ക് ശേഷം റബ്ബർ ഷീറ്റിന് വില 150രൂപയിലേക്കെത്തിയത് റബ്ബർ കർഷകർക്ക് പ്രതീക്ഷകൾ നൽകുന്നു.റബ്ബർ ഷീറ്റിന് വില വർദ്ധിച്ചേക്കാമെന്ന പ്രതീക്ഷ ടാപ്പിംഗ് നടത്താതെ കിടന്നിരുന്ന പല തോട്ടങ്ങളിലും ആളനക്കമുണ്ടാക്കിയിട്ടുണ്ട്.
ഏറെ നാളുകൾക്ക് ശേഷമാണ് ഒന്നാംതരം റബ്ബർ ഷീറ്റിന് വില 150യിലേക്കെത്തിയിട്ടുള്ളത്.250രൂപവരെയുണ്ടായിരുന്ന റബ്ബർ വില 100ന് താഴേക്ക് പോയതോടെ ഹൈറേഞ്ച് മേഖലയിൽ റബ്ബർ കൃഷിയുടെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലായിരുന്നു.പല തോട്ടങ്ങളിലും ടാപ്പിംഗ് നിർത്തി വച്ചു.ചിലർ കുരുമുളകുൾപ്പെടെയുള്ള ഇടവിളകൾ പരീക്ഷിച്ചപ്പോൾ റബ്ബർകൃഷി പാടെ ഒഴിവാക്കിയ കർഷകരും ഏറെയാണ്.എന്നാൽ വില പതിയെ 150തിലേക്ക് എത്തിയത് പലകർഷകർക്കും നൽകുന്ന പ്രതീക്ഷ ചെറുതല്ല.എന്നാൽ ടാപ്പിംഗ് കൂലിയും മറ്റ് ചെലവുകളും കൂടിയാകുമ്പോൾ വിലയിൽ ഇനിയും വർദ്ധനവുണ്ടാകേണ്ടിയിരിക്കുന്നുവെന്ന് കർഷകർ പറഞ്ഞു.ഇറക്കുമതി കുറഞ്ഞ നിലവിലെ സാഹചര്യത്തിൽ വിലയിൽ വർദ്ധനവുണ്ടായേക്കാമെന്ന പ്രതീക്ഷ കർഷകർ പങ്ക് വയ്ക്കുന്നുണ്ട്.റബ്ബറിന് താങ്ങ് വില നിശ്ചിച്ചിട്ടുണ്ടെങ്കിലും ഏല്ലാ കർഷകർക്കും ഇതിന്റെ പ്രയോജനം പൂർണ്ണ തോതിൽ ലഭ്യമാകുന്നില്ല.റബ്ബർ ബോഡിന്റെ ഭാഗത്തു നിന്നും കർഷകർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവും കർഷകർ മുമ്പോട്ട് വയ്ക്കുന്നു.