
കറുകച്ചാൽ: ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ദേശീയ പാത 183ന്റെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്തുവകുപ്പ് മുടക്കുന്നത്. എന്നിട്ടും അപകടങ്ങൾ ഒഴിയുന്നില്ല. നിലവിലെ റോഡിൽ ഓരോ വർഷവും കുഴിയടയ്ക്കലും പേരിനായുള്ള നവീകരണവും മാത്രമാണ് നടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച റോഡിലെ കൊടുംവളവുകളും കാഴ്ച മറയ്ക്കുന്ന മൺതിട്ടകളും നീക്കം ചെയ്യാതെയാണ് വികസനം. അശാസ്ത്രീയമായി നിർമ്മിച്ച റോഡിലെ അപകടക്കെണികൾ ഒഴിവാക്കി ആവശ്യത്തിന് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടം പതിവ്
പതിനാലാംമൈൽ മുതൽ പൊൻകുന്നം വരെയുള്ള ഭാഗങ്ങളിലാണ് പതിവായി അപകടങ്ങൾ സംഭവിക്കുന്നത്. 17ാം മൈൽ, ചെങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ അപകടങ്ങൾ നിത്യ സംഭവമാകുമ്പോഴും വേഗനിയന്ത്രണമോ സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കാൻ പൊതുമരാമത്തുവകുപ്പ് നടപടി സ്വീകരിച്ചില്ല. ചെങ്കല്ലപ്പള്ളി കവ, റബർഫാക്ടറി തുടങ്ങിയ ഭാഗങ്ങളിലാണ് പതിവായി അപകടമുണ്ടകുന്നത്. ഒരു വർഷത്തിനുള്ളിൽ ഇരുപതോളം അപകടങ്ങളാണ് ഇവിടെ മാത്രം ഉണ്ടായത്. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകൾക്ക് മുൻപുള്ള കൊടുംവളവുകൾ നിവർത്തിയിട്ടില്ല. വളവുകൾ തിരിയുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുന്നതും മറിയുന്നതും പതിവാണ്. കൊടുങ്ങൂരിന് സമീപത്തെ മമ്പുഴ വളവ് പതിവ് അപകട കേന്ദ്രമാണ്. ഒരു വർഷം മുൻപ് പൊൻകുന്നത്തു നിന്നും ആരംഭിച്ച വളവ് നിവർത്തൽ 19ാംമൈലിൽ അവസാനിച്ചു. തുടർ നടപടി ഇനിയും സ്വീകരിച്ചിട്ടില്ല.