resort

കോട്ടയം: പേമാരിയും കൊവിഡും മൂലം നഷ്ടക്കയത്തിലായ ടൂറിസ്റ്റ് മേഖലയിലെ റിസോർട്ടുകളും വൻകിട ഹോട്ടലുകളും വില്ക്കാൻ ഒരുങ്ങി ഉടമകൾ. കുമരകത്തും മൂന്നാറിലുമുള്ള രണ്ട് ഡസനിലധികം റിസോർട്ടുകളാണ് വിൽക്കാൻ ഉടമകൾ തീരുമാനിച്ചിട്ടുള്ളത്. നഷ്ടം പെരുകിയതോടെ മനസില്ലാമനസോടെയാണ് ഉടമകൾ തീരുമാനമെടുത്തത്. കുമരകത്ത് ഇതിനോടകം രണ്ട് റിസോർട്ടുകൾ കൈമാറിക്കഴിഞ്ഞു. മൂന്നാറിലും മൂന്ന് വൻകിട റിസോർട്ടുകൾ വിറ്റുകഴിഞ്ഞു.

ടൂറിസ്റ്റ് മേഖല മെല്ലെ പച്ചപിടിച്ചൂവരുന്നുണ്ടെങ്കിലും 2018ലെ പേമാരിയെ തുടർന്ന് സംഭവിച്ച നഷ്ടം ഇതുവരെ നികത്താനായില്ല. പേമാരിയെ തുടർന്ന് ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നതിൽ വിമുഖത കാട്ടിയിരുന്നു. പ്രത്യേകിച്ച് വിദേശ ടൂറിസ്റ്റുകൾ. ഇതോടെ ടൂറിസ്റ്റ് മേഖല വിജനമായി. 2019ൽ അൽപം ഉണർവ് ഉണ്ടായതോടെ ഉടമകളുടെയും ജീവനക്കാരുടെയും മനസ് തെളിഞ്ഞെങ്കിലും അധികകാലം നീണ്ടില്ല. അടുത്ത പെരുമഴയും തൊട്ടുപിന്നാലെ കൊവിഡ് മഹാമാരിയും!

ഏഴു മാസമായി പൂട്ടിക്കിടക്കുകയായിരുന്നു ടൂറിസ്റ്റ് സെന്ററുകൾ. രണ്ടാഴ്ച മുമ്പ് ടൂറിസ്റ്റ് സെന്ററുകളിലേക്കുള്ള പ്രവേശനം ചില മാനദണ്ഡങ്ങളോടെ തുറന്നുകൊടുത്തുവെങ്കിലും ഇപ്പോഴും കാര്യമായി ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിട്ടില്ല. കോടി കണക്കിന് രൂപ ബാങ്കുകളിൽ നിന്നും ലോൺ സംഘടിപ്പിച്ചാണ് റിസോർട്ടുകൾ പണിതുയർത്തിയിട്ടുള്ളത്. ഇത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന ചിന്തയാണ് ഉടമകളെ വിൽക്കാൻ പ്രേരിപ്പിക്കുന്നത്. ഏഴു മാസമായി പൂട്ടിക്കിടക്കുന്ന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും വൈദ്യുതി ബില്ല് തന്നെ ലക്ഷങ്ങളുണ്ട്. ഒരു പൈസ പോലും വരുമാനമില്ലാതെ ഈ ബില്ല് എങ്ങനെ അടയ്ക്കുമെന്നാണ് കുമരകത്തെ ഒരു റിസോർട്ട് ഉടമയുടെ ചോദ്യം. കൂടാതെയാണ് ഫോൺ, കേബിൽ ബില്ലുകൾ. പൂട്ടിയിട്ട റിസോർട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും വേണം ലക്ഷങ്ങൾ. അത്യാവശ്യ ജീവനക്കാരെ മാത്രം വച്ചാണ് ഹോട്ടലുകളും റിസോർട്ടുകളും സംരക്ഷിക്കുന്നത്. ശരാശരി ഒരു റിസോർട്ടിൽ ആറ് ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഇവർക്ക് ശമ്പളമായി തന്നെ ഒരു ലക്ഷം രൂപ വേണ്ടിവരും. അമ്പതോളം ജീവനക്കാർ ഉണ്ടായിരുന്ന റിസോർട്ടിന്റെ അവസ്ഥയാണിത്. ഇതിലും കൂടുതൽ ജീവനക്കാരുള്ള ഹോട്ടലുകളും റിസോർട്ടുകളും അനവധിയുണ്ട് കുമരകത്തും മൂന്നാറിലും. ടൂറിസം മേഖലകളിലുള്ള റിസോർട്ടുകളെയും ഹോട്ടലുകളെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന് ഉടമകൾ പറയുന്നു.