election

കോട്ടയം: ഒരു വാർഡിലേക്ക് പല പേരുകൾ അടങ്ങുന്ന ലിസ്റ്റ് ചർച്ച ചെയ്യുന്നതിനിടെ ചുവരുകളിൽ മുൻ കൂർ ചുരുക്ക പേര് എഴുതിച്ച് വച്ച് ബുക്കു ചെയ്തും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയും സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ കളി തുടങ്ങി.

യു.ഡി.എഫിലാണ് ഇത്തരം അഡ്വാൻസ് കളി കൂടുതലായുള്ളത്. ഒരു വാർഡിലേക്ക് അഞ്ചു പേരുടെ ലിസ്റ്റാണ് കോൺഗ്രസ് വാർഡു സമിതി തയ്യാറാക്കിയിട്ടുള്ളത്. ഈ ലിസ്റ്റ് പരിഗണിക്കുന്നതിന് മുമ്പേയാണ് ചുവരിൽ പേര് എഴുതിച്ചുള്ള കളി. നാട്ടുകാരുടെ ശ്രദ്ധ പതിയുന്ന പ്രധാന ചുവരുകളിൽ ആദ്യമേ പേരെഴുതി നാട്ടുകാർക്കിടയിൽ സ്ഥാനാർത്ഥി ചർച്ച ഉണ്ടാക്കുന്ന തന്ത്രമാണ് പലരും പയറ്റുന്നത്. പുതുമുഖങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചും നിരവധി പേർ രംഗത്തുണ്ട്. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കളത്തിലിറങ്ങിയാൽ ഇടതു മുന്നണിയിൽ സീറ്റ് തട്ടിപ്പോകാനും സാദ്ധ്യതയുള്ളതിനാൽ യു.ഡി.എഫിലാണ് സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള കളികൾ ഏറെയും. വിശദമായ ബയോഡേറ്റയും ആകർഷക ചിത്രങ്ങളുമായി ഫേസ് ബുക്കിലും വാട്സ് ആപ്പിലും കൂടുതൽ ലൈക്ക് സംഘടിപ്പിച്ചു കൊടുക്കാൻ ഈവന്റ് മനേജ്മെന്റ് ഏജൻസികൾ രംഗത്തുണ്ട്. നന്നായി പണമിറക്കണമെന്നു മാത്രം. ജില്ലാ പ്രസിഡന്റുമുതൽ സ്ഥാനാർത്ഥി നിർണയ സമിതിയിലുള്ള സകല നേതാക്കൾക്കും പോസ്റ്റ് അയയ്ക്കും. വിവിധ ഗ്രൂപ്പുകളിലും ഷെയർ ചെയ്യും. സ്ഥാനമോഹികളുടെ പട സോഷ്യൽ മീഡിയ ഉപയോഗിച്ചു നടത്തുന്ന 'സ്ഥാനാർത്ഥി മത്സരം 'കണ്ട് കണ്ണ് തള്ളിയെന്നാണ് ഒരുന്നത നേതാവ് പ്രതികരിച്ചത്.

പൊതുസമ്മതർക്കായി പിടിവലി

ആൺ പെൺ വ്യത്യാസമില്ലാതെ ജയസാദ്ധ്യതയുള്ള പൊതുസമ്മതരെ വലവീശിപ്പിടിക്കാൻ മുന്നണികൾ കളത്തിലിറങ്ങിയിട്ടുണ്ട്. അദ്ധ്യക്ഷ സ്ഥാനം വരെ വാഗ്ദാനം ചെയ്താണ് നാട്ടുകാർക്കിടയിൽ മതിപ്പുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ മുന്നണികളുടെ മത്സരം. ഒരാളെ തന്നെ പല മുന്നണികൾ തേടിയെത്തിയ സംഭവങ്ങൾ വരെയുണ്ട്. ഉള്ള പേര് പോകുമെന്നതിനാൽ മുന്നണി നേതാക്കളുടെ രാഷ്ട്രീയ കെണിയിൽ വീഴാൻ പലരും താത്പര്യം കാണിക്കുന്നില്ല. സംസ്ഥാന നേതാക്കളെക്കൊണ്ടു വരെ ശുപാർശ ചെയ്യിച്ചു പൊതു സമ്മതരെ കളത്തിലിറക്കാനാണ് ശ്രമം.