
കുമരകം: ജന്മനാ രണ്ടു കാലുകളേയുള്ളു മുത്തിന്. എങ്കിലും കുസൃതിക്ക് കുറവില്ല. മുരയ്ക്കനാട് രാജീവിന്റെ വീട്ടിലെ പൊമറേനിയൻ മിനിയേച്ചർ നായയ്ക് കഴിഞ്ഞ മാസം ഉണ്ടായ രണ്ടു കുട്ടികളിൽ ഒന്നാണ് മുത്ത്. തന്റെ കുഞ്ഞിലൊരണ്ണം വികലാംഗനാണെന്ന് കണ്ടതോടെ തള്ളയ്ക്ക് അവനോടൊരു വല്ലായ്മ. ആ കുട്ടി അടുത്തുവരുമ്പോൾ തള്ള മാറിപ്പോകും. മുലയൂട്ടാനും മടി. ഇതോടെ രാജീവിന്റെ മൂത്ത മകൾ സൂര്യലക്ഷ്മി അവനെ പരിചരിക്കാൻ തുടങ്ങി. മുത്ത് എന്ന് പേരുമിട്ടു. പശുവിൻ പാലും മറ്റ് ആഹാരങ്ങളും നൽകും. കുളിപ്പിക്കും. തന്റെ കൂടെപ്പിറപ്പ് തുള്ളിച്ചാടി നടക്കുന്നതും തള്ളപ്പട്ടി താലോലിക്കുന്നതും കാണുമ്പോൾ മുത്ത് ദയനീയമായി കുരയ്ക്കും. സൂര്യ ഒന്നു ചേർത്തുപിടിക്കുന്നതോടെ ആ സങ്കടം മാറും. കുത്തിമറിയുകയും കങ്കാരുവിനെ പോലെ ഉയർന്നു നിൽക്കുകയും ചെയ്യും. രാജീവിന്റെ മകൻ രാഹുൽ മുത്തിനായി ചെറിയ വീൽ ഘടിപ്പിച്ച കൃത്രിമകാൽ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
മുത്തിനെ കൂടാതെ മൂന്ന് പട്ടികളും 10 പൂച്ചകളും അഞ്ച് പശുക്കളും ഈ വീട്ടിലുണ്ട്. ബെവ്കോ തൊടുപുഴ ശാഖയിലെ ഉദ്യോഗസ്ഥനാണ് രാജീവ്. ഭാര്യ ശ്രീകല. ആലപ്പുഴ ബ്ലുവിൻസ് ഏവിയേഷൻ അക്കാഡമി വിദ്യാർത്ഥിയാണ് സൂര്യലക്ഷ്മി.