bus

കോട്ടയം: ശബരിമല സീസണാണ് ജില്ലയിൽ കെ.എസ്.ആർ.ടി.സിയെ താങ്ങി നിർത്തുന്നത്. എന്നാൽ ഇക്കുറി കാര്യങ്ങൾ ഏതു വിധമാകുമെന്ന് ഒരു എത്തും പിടിയുമില്ല. സീസൺ തുടങ്ങാൻ ഒരു മാസം ശേഷിക്കുന്നുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ സ്‌പെഷ്യൽ സർവീസുകൾ പരിമിതപ്പെടുത്തേണ്ടിവരും എന്നു തന്നെയാണ് നിഗമനം.

40 തീർത്ഥാടകർ ഒരുമിച്ചെത്തിയാൽ മാത്രം പമ്പാ സ്‌പെഷ്യൽ സർവീസ് നടത്തിയാൽ മതിയെന്നാണ് പഴയ തീരുമാനം. കൊവിഡ് നിബന്ധനകളുടെ പശ്ചാത്തലത്തിൽ എരുമേലിയിൽ പേട്ടതുള്ളലിനുള്ള സാദ്ധ്യതയും പരിമിതമായിരിക്കും. കഴിഞ്ഞ വർഷം നവംബർ 15 മുതൽ മണ്ഡല മഹോത്സവ സീസണിൽ സ്‌പെഷ്യൽ സർവീസിലൂടെ കോട്ടയം ഡിപ്പോയിൽ 3.5 കോടി രൂപയുടെ വരുമാനമാണുണ്ടായത്. ഇപ്പോൾ 30 ശതമാനം മാത്രമാണ് പതിവ് സ‌ർവീസുകൾ. മറ്റ് സമയങ്ങളിലെ വരുമാനക്കുറവ് ശബരിമല സീസണിലാണ് നികത്തിയിരുന്നത്.

 മുന്നൊരുക്കമില്ല

സാധാരണ മുന്നൊരുക്കമായി സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും ഇക്കുറി ഒന്നുമില്ല. പൂർണമായും കുഴിയായി, കല്ലും മെറ്റലും തെളിഞ്ഞ നിലയിലാണ് സ്റ്റാന്റ്. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടവും യാത്രക്കാരെ പേടിപ്പിക്കുന്നു. വരുമാനമില്ലാത്ത സാഹചര്യത്തിൽ കൂടുതൽ പണം മുടക്കി അറ്റകുറ്റപ്പണി നടത്തേണ്ടെന്നാണ് തീരുമാനം

 അധിക വണ്ടിയുമില്ല

സാധാരണ മറ്റ് ജില്ലകളിൽ നിന്ന് വിവിധ ഡിപ്പോകളിലേയ്ക്ക് അധികമായി വണ്ടി നൽകുമായിരുന്നെങ്കിലും ഇപ്രാവശ്യം അതുമില്ല. മുൻ വർഷങ്ങളിൽ മറ്റു ഡിപ്പോകളിൽ നിന്നുള്ള 35 ബസുകളും ഇവിടെ നിന്നുള്ള ജീവനക്കാരെയുമാണ് ശബരിമലയ്ക്ക് അയച്ചിരുന്നത്. 24 മണിക്കൂറും അഞ്ചു കെ.എസ്.ആർ.ടി.സി ബസുകളും ഒരു സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജീവനക്കാരും റെയിൽവേ സ്റ്റേഷനിലും ക്യാമ്പ് ചെയ്തിരുന്നു. ഇക്കുറി തിരക്കുണ്ടാകാൻ സാദ്ധ്യതയില്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ വേണ്ടെന്നാണ് തീരുമാനം.