
വൈക്കം : പ്രളയക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി റെഡ് ക്രോസ് ജില്ലാ കമ്മിറ്റി. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നിർദ്ധനർക്ക് 620 ഓളം ശൗചാലയങ്ങളാണ് നിർമ്മിച്ച് നൽകിയത്. കനേഡിയൻ റെഡ് ക്രോസിന്റെ സഹായത്തോടെ ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി കേരളത്തിൽ നടപ്പിലാക്കിവരുന്ന വിവിധപദ്ധതികളിലൊന്നാണ് ടോയ്ലെറ്റ് നിർമ്മാണം. പദ്ധതിയുടെ വൈക്കം താലൂക്ക് തല ഉദ്ഘാടനം ഗുണഭോക്താക്കൾക്ക് താക്കോൽ നൽകി സി.കെ ആശ എം.എൽ.എ നിർവഹിച്ചു. ഇതോടൊപ്പം സാനിറ്റേഷൻ സാമഗ്രികളടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ പി.സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ്, പ്രോജക്ട് മാനേജർ സാബുകുര്യൻ, പ്രോജക്ട് എൻജിനിയർ ബാലുമോഹൻ, താലൂക്ക് സെക്രട്ടറി ബിനു. കെ പവിത്രൻ, വൈസ് ചെയർമാൻ സി.ടികുര്യാക്കോസ്, ട്രഷറർ ജി.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.