കോട്ടയം : കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറം സോളാർ പദ്ധതിയുടെ ഭാഗമായി കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷന്റെയും ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെയും പരിധിയിൽ സ്ഥാപിച്ച സോളാർ പാനലുകളുടെ സ്വിച്ച് ഓൺ കോട്ടയം സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി.എ. അഷ്‌റഫ് നിർവഹിച്ചു. ഭാമശേരി സ്വദേശിയുടെ വീടിന് മുകളിൽ 3000 വാട്ട് പാനലുകളാണ് ആണ് കെ.എസ്.ഇ.ബി മുഴുവൻ തുകയും മുടക്കി സ്ഥാപിച്ചത്. ഈ പാനലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനായി കുറഞ്ഞനിരക്കിൽ 25 വർഷത്തേയ്ക്ക് ഉപഭോക്താവിന് ഉപയോഗിക്കാം. ഈസ്റ്റ് സെക്ഷൻ പരിധിയിൽ സൗര പദ്ധതിയുടെ നിർമാണങ്ങൾ നടക്കുകയാണ്. ജില്ലയിൽ 2021 ഫെബ്രുവരി മാസം കൊണ്ട് 96 ഉപഭോക്താക്കളിൽ നിന്ന് 1000 കിലോവാട്ട് സൗരോർജ്ജ ശേഷി ഉത്പാദിപ്പിക്കാനാണ് കെ.എസ്.ഇബിയുടെ പദ്ധതി. ഗുണമേന്മയുളള സോളാർ പാനലുകൾ കുറഞ്ഞ നിരക്കിൽ മറ്റ് സർവീസ് ചാർജ്ജുകൾ ഒഴിവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പള്ളം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എം.എ പ്രവീൺ, സൗര കോ-ഓഡിനേറ്റർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി. ബിനു, കോട്ടയം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ കുര്യൻ സെബാസ്റ്റ്യൻ ,അസിസ്റ്റന്റ് എൻജിനിയർമാരായ ജിജോ സി ചാക്കോ, പുന്നൻ ഇട്ടി എന്നിവരും മറ്റു ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു