വൈക്കം : ക്ഷയരോഗം നിർമ്മാർജനം ചെയ്യുന്നതിനായി താലൂക്ക് ഗവ. ആശുപത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം തുടങ്ങി. നഗരസഭ പഞ്ചായത്ത് പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിച്ച് സംശയുമുള്ളവരെ പരിശോധിച്ച് രോഗികളെ കണ്ടെത്തും. ഇതിനായി നഗരസഭകളിലും പഞ്ചായത്തുകളിലുമുള്ള ആശാപ്രവർത്തകരെ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ അക്ഷയ കേരളം ക്യാച്ച് അപ് കാമ്പയിന്റെ ഭാഗമായാണ് പ്രവർത്തനം.
സംശയമുള്ളവരുടെ സ്രവം ശേഖരിച്ച് ആധുനിക സംവിധാനത്തോടെയുള്ള പരിശോധന നടത്തി രോഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആശാപ്രവർത്തകർക്ക് നൽകുന്ന ഫാൽക്കൺ ട്യൂബിന്റെ വിതരണം താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ.അനിതാ ബാബു ഉദ്ഘാടനം ചെയ്തു. ആർ.എം.ഒ ഡോ.എസ്.കെ.ഷീബ, എം.ഒ.ടി.സി ഡോ. ശ്രീകുമാർ, എസ്.ടി എസ് പി. രഘുവരൻ, എസ്.ടി.എൻ എസ്.ഡാലിയ ജോർജ് എന്നിവർ പങ്കെടുത്തു. രോഗം സ്ഥിരീകരിക്കുന്നവർക്ക് എല്ലാ ചികിത്സകളും സൗജന്യമായി നൽകും.