
കോട്ടയം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് സൈബർ തട്ടിപ്പ് 25 ശതമാനത്തിലേറെ വർദ്ധിച്ചതായി ജില്ലാ സൈബർ സെല്ലിന്റെ കണക്ക്. 250 രൂപ മുതൽ 25000 രൂപ വരെ ഇത്തരത്തിൽ നഷ്‌ടമായവർ ജില്ലയിലുണ്ട്. ലോട്ടറി അടിച്ചെന്നും സമ്മാനങ്ങൾ ലഭിക്കുമെന്നും വിശ്വസിപ്പിച്ചുള്ള തട്ടിപ്പുകളാണ് പ്രാധാനമായും ജില്ലയിൽ നടന്നത്. ഒരു മാസം ശരാശരി 25 മുതൽ 30 വരെ പരാതികൾ സൈബർ സെല്ലിന് ലഭിച്ചു. ചെറിയ തുക നഷ്‌ടമായ നൂറുകണക്കിനു കേസുകൾ ജില്ലയിലുണ്ട്. എന്നാൽ, ഇതിൽ പലതിനും പരാതി രജിസ്റ്റർ ചെയ്‌തിട്ടില്ല.
ഇ-മെയിലും എസ്.എം.എസും
സോഷ്യൽ മീഡിയകൾ പലതു സജീവമാണെങ്കിലും തട്ടിപ്പുകാർക്ക് ഇപ്പോഴും പ്രിയം എസ്.എം.എസുകളും ഇ- മെയിലും തന്നെയാണ്. എസ്.എം.എസിലും ഇ മെയിലിലും ലിങ്കുകളോടെ സമ്മാനം അടിച്ചുവെന്ന സന്ദേശമാണ് ആദ്യം എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ പോവുക ഏതെങ്കിലും തട്ടിപ്പ് സൈറ്റിലേയ്‌ക്കാകും. ഇത് മനസിലാക്കാതെ പലരും അക്കൗണ്ട് വിവരങ്ങൾ അടിച്ചു നൽകും. ഉടൻ ഒ.ടി.പി ഫോണിലെത്തും. പിന്നാലെ, ഒ.ടി.പി ചോദിച്ച് വിളിക്കും. ഈ വിളിയിൽ വീണാൽ പിന്നെ അക്കൗണ്ടിലുള്ളതെല്ലാം ചോരും.