student-amenity-incubatio

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമിച്ച സ്റ്റുഡന്റ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു.

തോമസ് ചാഴിക്കാടൻ എം.പി., അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ., വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോവൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിലാണ് സ്റ്റുഡന്റ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്.

സ്റ്റാർട്ടപ്പുകൾക്ക് വേണ്ട സൗകര്യം

വിദ്യാർത്ഥികൾക്കും യുവസംരംഭകർക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം. നാനോ ടെക്‌നോളജി, മൊബൈൽ വെബ് ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നീ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ലാബുകളും മറ്റ് സൗകര്യങ്ങളുമാണ് സെന്ററിൽ ഒരുങ്ങുക. സംരംഭകർക്കുള്ള പരിശീലനവും ലഭ്യമാക്കും. ഇൻകുബേഷൻ സെന്ററിലെ സയന്റിഫിക് കോർ ക്ലൗഡ് കമ്പ്യൂട്ടിംഗ് സംവിധാനമുപയോഗിച്ച് ചെറുകിട,ഇടത്തരം വ്യവസായസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും കോളേജുകൾക്കും ഉത്പന്ന നിർമാണത്തിനുള്ള ഗവേഷണത്തിനായി മോഡലിംഗ്, കമ്പ്യൂട്ടേഷൻ എന്നിവയിൽ സഹായം ലഭ്യമാക്കും. വിവിധ മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ നിർമിക്കുന്നതിനും നിർമിത ബുദ്ധി, ബ്ലോക് ചെയിൻ എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സോഫ്‌ വേർ വികസിപ്പിക്കുന്നതിനും ബിസിനസ് അനലറ്റിക്‌സ്, ഇന്റർനെറ്റ് ഒഫ് തിങ്ക്‌സ് (ഐ.ഒ.റ്റി) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും സൗകര്യമൊരുക്കും. റൂസ 1 പദ്ധതിയിലൂടെ സർവകലാശാലയ്ക്ക് ലഭിച്ച 20 കോടി രൂപയുടെ മുഴുവൻ പദ്ധതികളും ഇതോടെ പൂർത്തീകരിച്ചു.