
അടിമാലി: ചികിൽസയ്ക്ക് കൊണ്ടുപോകവെ ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ട് ചികിത്സ കിട്ടാതെ വീട്ടമ്മ ആംബുലൻസിൽ മരിച്ചു.അടിമാലി മന്നാങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വാളറ മൂന്നു കലുങ്കിന് സമീപത്തായിരുന്നു സംഭവം. ഓപ്പറേഷനുശേഷം വീട്ടിൽ കഴിഞ്ഞിരുന്ന ബീവിയുടെ രക്തസമ്മർദ്ദം കുറഞ്ഞ് ആരോഗ്യനില മോശമായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസിന് മുൻപിൽ മരം കടപുഴകി വീഴുകയായിരുന്നു. ഇതോടെ ഗതാഗതം നിലച്ചു. വലിയ മരമായിരുന്നതിനാൽ വെട്ടിമാറ്റാനായില്ല. 15 മിനിറ്റിലേറെ ആംബുലൻസ് റോഡിൽ കിടന്നതോടെ രക്ത സമ്മർദ്ദംവീണ്ടും കുറഞ്ഞ് വീട്ടമ്മ മരണമടയുകയായിരുന്നു. ഫൈസൽ, ഷെമീന, ഹസീന എന്നിവർ മക്കളും അൽത്താന, റഹിം, നവാസ് എന്നിവർ മരുമക്കളുമാണ്.