ammu

വൈക്കം: അമ്മു തിരികെയെത്തി! ഏഴു വയസുകാരി സുഹ്രയ്ക്കും ചേട്ടന്മാരായ ആഷിക്കിനും അൻസിലിനും പെരുത്ത് സന്തോഷം. അമ്മുവിന്റെ കുഞ്ഞു കുറിഞ്ഞികൾക്കായി അവർ വീണ്ടും കാത്തിരുപ്പ് തുടങ്ങിയിരിക്കുന്നു. ഗർഭിണിയായ അമ്മുവിനെ കാണാതായതിനെ തുടർന്ന് കണ്ണീർ വാർത്ത് കഴിയുകയായിരുന്നു വീട്ടുകാർ.

വെച്ചൂർ ഇടയാഴം വാര്യംവീട്ടിൽ എം.ഷിജുവിന്റെ ഒന്നര വയസുള്ള അമ്മുവെന്ന പൂച്ചയെ ഞായറാഴ്ച രാത്രി 8.30 ഓടെ കാണാതാവുകയായിരുന്നു. പൂച്ചയെ അപഹരിച്ചവർ ഉടമസ്ഥരുടെ നോവറിഞ്ഞാവണം ഇന്നലെ തിരികെ എത്തിച്ചു. നീണ്ട രോമങ്ങളുള്ള പേർഷ്യൻ ക്യാറ്റാണ് അമ്മു. ഞായറാഴ്ച രാത്രി അമ്മുവിനെ കൂടിന് പുറത്തിറക്കി വിട്ട ശേഷം കുറച്ചു കഴിഞ്ഞു തിരിച്ചു കയറ്റാൻ ചെന്നപ്പോഴാണ് കാണാനില്ലെന്നറിയുന്നത്. ഇതോടെ കുടുംബം മുഴുവൻ അമ്മുവിനെ തേടിയിറങ്ങി.നാട്ടിൽ പലയിടങ്ങളിലും അമ്മുവിനെ കാണാതായ വിവരം കാട്ടി പോസ്റ്റർ പതിപ്പിച്ചു. നവമാധ്യമങ്ങളിൽ വിവരം നൽകി. പൊലീസിൽ പരാതിയും നൽകി.രണ്ടുനാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അപഹരിച്ചവർ തിങ്കളാഴ്ച രാത്രി ഒൻപതരയോടെ രണ്ടു വീടുകൾക്കപ്പുറം അമ്മുവിനെ ഉപേക്ഷിച്ചു. ആളനക്കം കണ്ട് സമീപത്തെ വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് അവശനിലയിൽ അമ്മുവിനെ കണ്ടത്. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഷിജു അമ്മുവിനെ കൊണ്ടുപോയി. അടുത്തിടെ ഒരു തള്ളപ്പൂച്ചയും 15 കുഞ്ഞുങ്ങളും രണ്ടു ഘട്ടങ്ങളിലായി ചത്തതോടെ വൻ വരുമാന നഷ്ടമാണ് ഷിജുവിനുണ്ടായത്. അമ്മുവിന്റെ വയറ്റിൽ ആറു കുഞ്ഞുങ്ങളുണ്ടെന്ന് സ്‌കാനിംഗിൽ വ്യക്തമായിരുന്നു.