
ചങ്ങനാശേരി: ചെറിയ മഴ പെയ്താൽ വീടിനു ചുറ്റും വെള്ളക്കെട്ട്. അടിത്തറയും ഭിത്തിയും വിണ്ടുകീറി ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ് വീട്. മേൽക്കൂരയിലിട്ട ഷീറ്റിനുമുകളിൽ പുല്ല് വളർന്ന് കയറിയും സമീപത്തെ മരങ്ങളിൽ നിന്നും കരിയില വീണും വെള്ളം കെട്ടിക്കിടന്നും ചോർന്നൊലിക്കുന്നു. ഇവിടെയാണ് കുറിച്ചി ഗ്രാമപഞ്ചായത്തിലെ മൂലംകുന്നത്ത് കുഞ്ഞമ്മയുടെ താമസം. ഹൃദ്‌രോഗിയായ ഈ വീട്ടമ്മയ്ക്ക് കൂട്ടിന് പ്രാരാബ്ദങ്ങൾക്കൊപ്പം സോറിയാസിസ് അസുഖബാധിതരായ ഭർത്താവും മകനും. എന്നിട്ടും സിവിൽ സപ്ലൈസ് വകുപ്പിന്റെ ദൃഷ്ടിയിൽ കുഞ്ഞമ്മ സമ്പന്നയാണ്! മുമ്പ് ബി.പി.എൽ കാർഡുടമയായ ഇവർക്ക് പുതിയതായി ലഭിച്ചത് എ.പി.എൽ കാർഡാണ്.
റേഷൻ കാർഡ് എ.പി.എൽ ആയതോടെ സൗജന്യറേഷൻ നിലച്ചു. ആശുപത്രികളിൽ സൗജന്യ ചികിത്സയോ സർക്കാരിന്റെ ആനുകൂല്യങ്ങളോ ലഭിക്കില്ല. പഞ്ചായത്തിൽ വീടിന്റെ അറ്റകുറ്റപ്പണികൾക്കായി അപേക്ഷിച്ചിട്ടും എ.പി.എൽ കാർഡിന്റെ പേരിൽ അപേക്ഷ നിരസിച്ചു. ബി.പി.എൽ കാർഡാക്കിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് സിവിൽ സപ്ലൈസ് ഓഫീസിൽ 2017 മുതൽ ഓരോ വർഷവും അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ യാതൊരു നടപടികളും ഉണ്ടായില്ലെന്ന് കുഞ്ഞമ്മ പറയുന്നു. ഓരോ പ്രാവശ്യവും സപ്ലൈ ഓഫീസിൽ ചെല്ലുമ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്. മൂന്നു വർഷത്തിനിടയിൽ ഇതിനോടകം മൂന്ന് അപേക്ഷകൾ സമർപ്പിച്ചുകഴിഞ്ഞു.
പ്രായപൂർത്തിയായ മകൻ ഉള്ളതുകൊണ്ടാണ് ബി.പി.എൽ കാർഡാക്കാൻ തടസമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സോറിയാസിസ് അസുഖബാധിതനായ മകന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. അവസാന ആശ്രയമെന്ന നിലയിൽ ഭക്ഷ്യവകുപ്പ് മന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യമുന്നയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കനിവിനായി കാത്തിരിക്കാൻ നിർദ്ദേശിച്ച് കൈയൊഴിഞ്ഞു. അനർഹരായ ഒരുപാടു ആളുകൾ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുകയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുമ്പോൾ അർഹതപ്പെട്ട കുഞ്ഞമ്മയെ പോലെയുള്ളവരെ ഒഴിവാക്കുന്ന സിവിൽ സപ്ലൈസ് വകുപ്പിന്റെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് ഇത്തിത്താനം വികസന സമിതി ആവശ്യപ്പെട്ടു.