
കോട്ടയം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി കട്ടപ്പന, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ കാമുകനും പിതാവും സുഹൃത്തും അറസ്റ്റിൽ. ഇവർക്ക് സഹായം ചെയ്തുകൊടുത്ത യുവതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന സ്ത്രീ ഉടൻ അറസ്റ്റിലാവുമെന്ന് അറിയുന്നു. അറസ്റ്റിലായ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു. വാകത്താനം സി.ഐ കെ.പി ടോംസൺന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വാകത്താനത്ത് വാടക്ക് താമസിക്കുന്ന മഹേഷ് (21), മഹേഷിന്റെ പിതാവ് ഉണ്ണി (60), മഹേഷിന്റെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി സഫർ (22) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് മഹേഷിന്റെ പേരിൽ പോക്സോ ചുമത്തിയിട്ടുണ്ട്. റാന്നി സ്വദേശിയാണ് മഹേഷ്.
16കാരിയെ തട്ടിക്കൊണ്ടു പോയതോടെ മകന്റെ സംരക്ഷണത്തിനെത്തിയതാണ് പിതാവ് ഉണ്ണി. വിവരമറിഞ്ഞ് ഉണ്ണിയാണ് പെൺകുട്ടിയെയും മകനെയും ബന്ധുവായ കമലയുടെ കട്ടപ്പനയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പൊലീസ് രഹസ്യതാവളം കണ്ടെത്തിയെന്ന് അറിവു ലഭിച്ചതോടെ ഇവർ തിരുവനന്തപുരത്തേക്ക് മുങ്ങുകയായിരുന്നു. അവിടെ താവളം ഒരുക്കിക്കൊടുത്തത് സഫർ ആയിരുന്നു. അവിടെ ഒരു പോക്സോ കേസിലെ പ്രതിയായ സ്ത്രീയുടെ വീട്ടിലാണ് സഫർ ഇവരെ എത്തിച്ചത്. അവിടെ നിന്നാണ് വാകത്താനം സി.ഐ ടോംസൺ, എസ്.ഐ കോളിൻസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.