pic

കോട്ടയം: പട്ടാപ്പകൽ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോവാൻ ശ്രമം. പെൺകുട്ടി ബഹളം വച്ചതോടെ പാതിവഴിയിൽ എത്തിയപ്പോൾ ഓടയിൽ തള്ളിയിട്ടശേഷം നാലംഗ സംഘം രക്ഷപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം.

വഴിയെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് കാർ നിർത്തിയശേഷം മൂന്നു പേർ ഇറങ്ങിവന്നു. തുടർന്ന് ഒരാളുടെ പേര് ചോദിച്ചശേഷം വീട് ഏതാണെന്ന് ചോദിക്കുകയായിരുന്നു. വീട് ചൂണ്ടിക്കാട്ടുന്നതിനിടയിൽ പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ചശേഷം മൂവരും ചേർന്ന് കാറിൽ വലിച്ചുകയറ്റി. ഡ്രൈവർ കാർ ഓഫാക്കിയിരുന്നില്ല.

കാറിൽ കയറ്റിയതോടെ പെൺകുട്ടി വലിയ ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇതോടെ പന്തികേടാണെന്ന് മനസിലാക്കിയ സംഘം ഇടയ്ക്ക് കാർ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം ഓടയിൽ തള്ളിയിടുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് പരിക്കുപറ്റിയ പെൺകുട്ടിയെ ആശുപത്രിയിലാക്കിയത്.

സ്വർണ്ണനിറമുള്ള കാറായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സി.സി.ടി.വി പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ 16ന് ഈ പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.