omalur

ചങ്ങനാശേരി: കഴിഞ്ഞ മുപ്പതു വർഷമായി തരിശുകിടന്ന ഓമല്ലിക്കരി പാടശേഖരം കതിരണിയാൻ തയ്യാറെടുക്കുന്നു. പായിപ്പാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലുൾപ്പെട്ട ഓമല്ലിക്കരി പാടശേഖരം വർഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. കർഷക സമര ചരിത്രമുറങ്ങുന്ന വല്ല്യാറ തുരുത്തിനു ചുറ്റുമാണ് 50 ഏക്കർ വരുന്ന ഓമല്ലിക്കരി പാടശേഖരം. നെൽ കൃഷി നഷ്ടമായതിനെ തുടർന്ന് പാടം കർഷകർക്ക് കൃഷിചെയ്യാനാവാത്ത അവസ്ഥയിലാകുകയായിരുന്നു. പിന്നീട് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ വിനു ജോബിന്റെ നേതൃത്വത്തിൽ പ്രാദേശത്തെ പാടശേഖര ഉടമകളെ കണ്ടെത്തി. പിന്നീട് തുടർച്ചയായി ചേർന്ന യോഗങ്ങളുടെ തീരുമാന പ്രകാരം കുട്ടനാടൻ കർഷകരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ കൃഷി ചെയ്യാൻ തീരുമാനമായി. കർഷകരിൽ നിന്ന് അഞ്ചു വർഷം നാമമാത്രമായ പാട്ടം സ്വീകരിച്ചുകൊണ്ട് കൃഷി ചെയ്യാൻ പാടശേഖരം വിട്ടുകൊടുക്കുകയായിരുന്നു പാടശേഖര ഉടമകൾ. ആദ്യം കൃഷിഭൂമി ഒരുക്കി എടുക്കുകയും ക്രമേണ കൃഷി ഉത്പാദനം വർദ്ധിപ്പിക്കുന്നതോടെ പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പാടശേഖര സമിതി യോഗത്തിൽ വാർഡ് മെമ്പർ കെ.എൻ സുബാഷ്, സെക്രട്ടറി പ്രകാശ് തോമസ്, കൺവീനർ ഷാജി കോര, എം.സി തോമസ്, പാപ്പച്ചൻ, പാറക്കൽ, വർഗീസ് കുരുവിള, ലാലിച്ചൻ പുത്തൻപുര, രമേശ്കുമാർ ചെങ്കിലാത്ത്, കെ.എൻ ഗിരീഷ്‌കുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഓമല്ലിക്കരി പാടശേഖരത്തിലെ വിത്തിറക്കൽ ചടങ്ങ് ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖര സമിതി.

പാടം കൃഷിക്കനുയോജ്യമാക്കുന്ന പ്രാരംഭജോലികൾ ആരംഭിച്ചു. അടുത്തമാസം പകുതിയോടെ നെൽ വിത്ത് വിതയ്ക്കും

വിനു ജോബ്

പാടശേഖര സമിതി പ്രസിഡന്റ്