
കോട്ടയം: സാമ്പത്തിക സംവരണ നിലപാടിൽ യു.ഡി.എഫിനെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് സഭാനിലപാട് വ്യക്തമാക്കിയത്.
ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കിയ ബി.ജെ.പിയെ പ്രകീർത്തിച്ചും പത്തു ശതമാനം സാമ്പത്തിക സംവരണം പ്രകടന പത്രികയിൽ വ്യക്തമാക്കിയ ഇടതു നിലപാടിനെ ന്യായീകരിച്ചുമുള്ള ആർച്ച് ബിഷപ്പിന്റെ ലേഖനത്തിൽ, മുസ്ലിംലീഗ് വർഗീയത വളർത്തുന്നുവെന്നും കുറ്റപ്പെടുത്തുന്നു.
. "മുസ്ലിംലീഗിന്റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണ് മുന്നാക്ക സംവരണത്തെച്ചൊല്ലി എന്തിനാണ് ഈ അസ്വസ്ഥത?. സ്വന്തമായി നിലപാട് പ്രഖ്യാപിക്കാനാകാത്തവിധം യു.ഡി.എഫ് ദുർബലമായോ ? സ്വന്തം പാത്രത്തിൽ ഒരു കുറവുമുണ്ടാകുന്നില്ല എന്നിട്ടും അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്?.
ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും 12% വരെ സമുദായ സംവരണം അനുഭവിച്ചു പോരുന്ന ലീഗിന്റെ നയങ്ങൾ ഇതര സമൂഹങ്ങൾക്കു ഭീഷണിയാണ്.ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ പൂർണമായും മുസ്ലിം സമുദായത്തിനാണ്. എന്നിട്ടും, മറ്റു സമുദായങ്ങൾക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും എതിർക്കുന്നു. യു.ഡി.എഫിലെ പ്രധാന
കക്ഷിയായ കോൺഗ്രസിന് ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാൻ സാധിക്കുന്നില്ലെന്നും ആർച്ച് ബിഷപ്പ് പെരുന്തോട്ടം പറഞ്ഞു.