
കോട്ടയം: പി.സി.ജോർജിനെയും പി.സി.തോമസിനയും യു.ഡി.എഫിലേക്ക് കൊണ്ടു വരാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ കോട്ടയത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗം ജോർജിനെതിരായ കടുത്ത നിലപാടെടുത്തു. ഇരുവരുമെത്തുന്നത് യു.ഡി.എഫിന്റെ നിലവിലുള്ള കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഉന്നത കോൺഗ്രസ് നേതാക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടുള്ള പി.സി.ജോർജിനെ ഒരു കാരണവശാലും എടുക്കരുതെന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. കെ.സി.ജോസഫാണ് ഇക്കൂട്ടത്തിൽ രൂക്ഷവിമർശനം നടത്തിയത്. ക്വാറന്റൈൻ കാലാവധി തീരാത്തതിനാൽ ഉമ്മൻചാണ്ടി പങ്കെടുത്തില്ല .ജില്ലയിലെ പതിനെട്ടു ബ്ലോക്ക് പ്രസിഡന്റുമാരും കെ.പി.സി സി ഭാരവാഹികളും സംബന്ധിച്ചു.
പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ കോൺഗ്രസ് കമ്മിറ്റികൾ പി.സി.ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ നേരത്തേ പ്രമേയം പാസാക്കിയിരുന്നു. രമേശ് ചെന്നിത്തലയുടെ നിർദ്ദേശാനുസരണം പൂഞ്ഞാറിൽ യോഗം വിളിക്കാനെത്തിയ ജോസഫ് വാഴക്കന് പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നു മടങ്ങേണ്ടിയും വന്നിരുന്നു.
ജോസഫ് ഗ്രൂപ്പു വഴിയും ശ്രമം
അതേ സമയം ഇവരുടെ മുന്നണി പ്രവേശനം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിനു മുന്നിൽ സജീവ പരിഗണനയിലാണ്. രമേശ് ചെന്നിത്തല,മുല്ലുപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ഇരുവരും ചർച്ച നടത്തിയിരുന്നു. ജോസഫ് ഗ്രൂപ്പ് വഴി മുന്നണിയിലെത്താനുള്ള നീക്കവും രണ്ടു പി. സി. മാരും നടത്തുന്നുണ്ട്. എന്നാൽ ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് ഇതിനോട് യോജിപ്പില്ല. ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ തുടങ്ങിയ നേതാക്കൾക്കു പുറമേ പി. സി.ജോർജും പി.സി.തോമസുമെത്തുന്നത് രണ്ടാം നിരയിലെ നേതൃ തർക്കം രൂക്ഷമാക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ടാം മന്ത്രി സ്ഥാനത്തിനും തർക്കമുണ്ടാകുമെന്നതിനാൽ മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ ഈ നീക്കത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്.