അടിമാലി: കൊവിഡ് കാലത്തും കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരളം നേതൃത്വം നൽകുന്ന ടാലന്റ് ലാബ് കലാപരിശീലനത്തിന് അടിമാലി ഗവ. ഹൈസ്‌കൂളിൽ തുടക്കമായി.സംഗീതം, ഉപകരണ സംഗീതം എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്ക് പരിശീലനം നൽകും.അടിമാലി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി അംബിക ടാലന്റ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.അടിമാലി ബിആർസിക്ക് കീഴിൽ മൂന്നിടങ്ങളിൽ ടാലന്റ് ലാബിന് രൂപം നൽകിയിട്ടുണ്ട്.കൊന്നത്തടി പഞ്ചായത്തിലെ ലാബ് പണിക്കൻകുടി സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലും വെള്ളത്തൂവൽ പഞ്ചായത്തിലെ ലാബ് കല്ലാർകുട്ടി സർക്കാർ ഹൈസ്‌ക്കൂളിലും അടിമാലി പഞ്ചായത്തിലെ ലാബ് അടിമാലി സർക്കാർ ഹൈസ്‌ക്കൂളിലും പ്രവർത്തിക്കും.ആഴ്ച്ചയിൽ ഒരു ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവിടങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകും.അടിമാലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അടിമാലി ഗവ. ഹൈസ്‌ക്കൂൾ ഹെഡ്മാസ്റ്റർ യശോധരൻ അദ്ധ്യക്ഷത വഹിച്ചു.ബിപിസി ഗംഗാധരൻ പി കെ, ബി ആർ സി ട്രെയിനർ ഷാജി തോമസ്,ബി ആർ സി കോഡിനേറ്റർ ബിജി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.