പാലാ : കടുത്തുരുത്തി മണ്ഡലവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കിടങ്ങൂരിലെ പ്രധാനപ്പെട്ട രണ്ട് റോഡ് വികസന പദ്ധതികൾക്കായി 9.50 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഏറ്റുമാനൂർ - പാലാ ഹൈവേ റോഡിനെയും, കെ.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിടങ്ങൂർ മണർകാട് മെയിൻ റോഡ് നവീകരിക്കുന്നതിന് 6.50 കോടി രൂപ അനുവദിച്ചു. ശബരിമല വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വികസനം നടപ്പാക്കുന്നത്. കിടങ്ങൂർ മുതൽ കല്ലിട്ടുനട വരെ ഒരു റീച്ചായി ടെൻഡർ ചെയ്തു. തുടർന്ന് അയർക്കുന്നം- ഉറവക്കൽ റീച്ചും, മണർകാട് സെൻട്രൽ ജംഗ്ഷൻ വരെ മൂന്നാമത്തെ റീച്ചായിട്ടുമാണ് പ്രവർത്തി ടെൻഡർ ചെയ്തിരിക്കുന്നത്. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കും. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ ബ്രിഡ്ജ് കട്ടച്ചിറ ജംഗ്ഷൻ ബൈപ്പാസ് റോഡിന് 3 കോടി രൂപയുടെ ഭരണാനുമതി നൽകി. കിടങ്ങൂർ ബൈപ്പാസ് റിവർ വ്യൂ റോഡ് എന്ന നിലയിൽ മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു.