കുമരകം : കൊവിഡിന്റെ പ്രത്യാഘാതത്തിൽ നിന്ന് കരകയറുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പ്രതിബന്ധമായി പോള ശല്യം. കുമരകത്തെ പ്രധാന തോടുകളിലും വേമ്പനാട്ട് കായലിലും പോള ശല്യം രൂക്ഷമായിരിക്കുകയാണ്. സർക്കാർ നിയന്ത്രണങ്ങൾ മാറ്റിയെങ്കിലും ചുരുക്കം സഞ്ചാരികളാണ് ഹൗസ് ബോട്ട് യാത്രയ്ക്കായ് കുമരകത്ത് എത്തുന്നത്. ഈ യാത്രകളിൽ ചിലത് പോള ശല്യം മൂലം മുടങ്ങി. ചില ബോട്ടുകളുടെ പ്രൊപ്പലർ പോളയിൽ കുടുങ്ങി തകരാറിലുമായി.

കൊവിഡിനെ തുടർന്ന് മാസങ്ങളോളം കെട്ടിയിട്ടിരുന്ന ബോട്ടുകൾ വൻതുക ചെലവഴിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. പോള ശല്യം കാരണം ജലഗതാഗത വകുപ്പിന്റെ കുമരകം - മുഹമ്മ യാത്ര ബോട്ട് സർവീസ് കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയിരുന്നു. ചിലത് ബോട്ട് ജെട്ടിയിൽ എത്താതെ കായൽത്തീരത്ത് സർവീസ് അവസാനിപ്പിച്ചു. രാത്രി സർവീസിനെ ആശ്രയിക്കുന്നവർ വഴിവിളക്കില്ലാത്ത വഴിയിലൂടെ ഒരു കിലോമീറ്ററോളം യാത്ര ചെയ്താലാണ് കായൽ തീരത്ത് എത്തിച്ചേരാനാകുക. വേമ്പനാട്ട് കായലിനെ ആശ്രയിച്ച് ജീവിക്കുന്ന നൂറ് കണക്കിന് തൊഴിലാളികളും ദുരിതത്തിലാണ്. പോള തിങ്ങിയ തോട്ടിലൂടെ യന്ത്രംഘടിപ്പിച്ച വള്ളത്തിലൂടെ മത്സ്യ ബന്ധനത്തിനും പോകാനാകുന്നില്ല.

പോളവാരൽ യന്ത്രം നശിക്കുന്നു

കുമരകം ഉൾപ്പെടെയുള്ള കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലെ ജലാശയങ്ങളിൽ ഭീഷിണിയാകുന്ന പോള ശല്യം ഒഴിവാക്കാനായി 48 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം മാസങ്ങളായി ഉപയോഗിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിന് മുമ്പ് കുമരകം പഞ്ചായത്ത് മുൻകൈ എടുത്ത് തോടുകളിൽ പോള വാരാൻ എത്തിച്ച യന്ത്രം ഇപ്പോഴും കുമരകത്തെ ചന്തത്തോട്ടിൽ ഉപേക്ഷിച്ച നിലയിലാണ്. കാടുപിടിച്ച് കിടന്ന യന്ത്രം കഴിഞ്ഞ ദിവസം വൃത്തിയാക്കിയിരുന്നു. തിരിച്ച് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസും കുമരകം പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് യന്ത്രം നശിക്കാൻ കാരണം.

പോളവാരിയ വകയിലുള്ള വാടക കൃത്യമായി നൽകിയിട്ടുണ്ട്. യന്ത്രം ഇവിടെ നിന്ന് മാറ്റാൻ നിരന്തരം ആവശ്യപ്പെടുകയാണ്.

എ.പി.സലിമോൻ, കുമരകം

പഞ്ചായത്ത് പ്രസിഡന്റ്

പോളയുടെ ദൂഷ്യഫലങ്ങൾ

അതിവേഗം വളരുന്ന പോള 10 ദിവസം കൊണ്ട് ഇരട്ടിയായി വെള്ളത്തിൽ തിങ്ങി നിറഞ്ഞ് ജലഗതാഗതത്തിന് തടസം സൃഷ്ടിക്കും. സൂര്യപ്രകാശം വെള്ളത്തിലേക്ക് കടക്കാതെ തടയും. എലി, പാമ്പ് പോലുള്ള ജീവികൾ പോളയിൽ വാസമുറപ്പിക്കുന്നത് എലിപ്പനി പോലുള്ള രോഗങ്ങൾക്ക് കാരണമാകും. കൂടാതെ ശുദ്ധജലം മലിനമാകും. ദുർഗന്ധം പരത്തും.