
വാകത്താനം : മണർകാട് പെരുന്തുരുത്തി ബൈപ്പാസ് റോഡിലെ കാട് മൂടി മറഞ്ഞ ദിശാബോർഡുകൾ തെളിച്ചു.
കാടുകൾ തിങ്ങി നിറഞ്ഞിരുന്നതിനാൽ കാൽനടയാത്ര പോലും ദുസ്സഹമായിരുന്നു. വളവുള്ള ഭാഗങ്ങളിൽ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തത് അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. പുല്ല് വളർന്ന ഭാഗങ്ങളിൽ മാലിന്യം തള്ളലും പതിവായിരുന്നു. പഴയ ഇലക്ട്രിക് പോസ്റ്റുകളും സോളാർലൈറ്റുകളും തുരുമ്പെടുത്ത നിലയിൽ ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യം കാരണം രാത്രികാലങ്ങളിൽ ഇതുവഴിയുള്ള സഞ്ചാരവും ഭീതികരമാണ്. കഴിഞ്ഞ ദിവസം തൃക്കോതമംഗലത്ത് നാല് പേർ മരിക്കാനിടയായ സ്ഥലത്ത് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ദിശാ ബോർഡുകളും റിഫ്ലക്ടറുകളും കാണാത്ത രീതിയിൽ മറഞ്ഞു നിന്നിരുന്ന കുറ്റിക്കാടുകളും മരച്ചില്ലകളും നീക്കം ചെയ്തു. ചങ്ങനാശേരി മോട്ടോർ വെഹിക്കിൾ വകുപ്പിന്റെയും വാകത്താനം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു ശുചീകരണം. ജോയിന്റ് ആർ.ടി.ഒ പി.സി ചെറിയാന്റെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് പി.ബി.പ്രകാശ് ചന്ദ്രൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിബി ആന്റണി, എം.വി.ഐമാരായ കെ ശ്രീജിത്ത്, അജിത്ത് ആൻഡ്രൂസ്, എ.എം.വി.ഐമാരായ എസ് ബിജോയ്, ജോസ് ആന്റണി, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു.