കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി മൂന്നാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നവംബർ ഒന്ന് മുതൽ 10 വരെ ജില്ലയിലെ പത്ത് ബ്ലോക്ക് കേന്ദ്രങ്ങളിൽ ഏകദിന സത്യഗ്രഹം നടത്തും. കേരളപ്പിറവി ദിനത്തിൽ കുമളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളിയിലാണ് ആദ്യസമരം. തുടർന്നുള്ള ദിവസങ്ങളിൽ നെടുങ്കണ്ടം, കട്ടപ്പന, രാജാക്കാട്, അടിമാലി, ദേവികുളം, ഇടുക്കി, പീരുമേട്, ഇളംദേശം, തൊടുപുഴ എന്നിവിടങ്ങളിലും സത്യഗ്രഹം നടക്കും. ഭൂപതിവ് ചട്ടങ്ങളിൽ നിയമ ഭേദഗതി വരുത്തുക, സർവകക്ഷി യോഗ തീരുമാനങ്ങൾ നടപ്പാക്കുക, ഷോപ്പ് സൈറ്റുൾക്ക് അടിയന്തരമായി പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭമെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസൻ, സി.കെ. മോഹനൻ എന്നിവർ പറഞ്ഞു.