കട്ടപ്പന: സ്ലാബിനടിയിൽ നിന്നു മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ പാമ്പുപിടുത്ത വിദഗ്ധന് കടിയേറ്റു. കട്ടപ്പന സ്വദേശി ഷൂക്കൂറിനാണ് പുല്ലാനി ഇനത്തിൽപെട്ട മൂർഖന്റെ കടിയേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ഹോട്ടലിന്റെ മുൻവശത്തുള്ള സ്ലാബിനടിയിൽ പാമ്പ് കയറുന്നത് ശ്രദ്ധയിൽപെട്ട വ്യാപാരികൾ ഷുക്കൂറിനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറുന്നതിനിടെ കടിയേൽക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഷുക്കൂറിന്റെ ആരോഗ്യനില തൃപ്തികരമാണ്.